മഹാരാഷ്ട്രയിൽ 3,137 ഭക്ഷണശാലകളിൽ പരിശോധന ; 165 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു,ആർക്കും വിഐപി പരിഗണനയില്ലെന്ന് കമ്മീഷണർ തുക്കാരം മുണ്ടെ

by WhatsUp Mumbai

മുംബൈ: ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സുരക്ഷിതമല്ലാത്ത ഭക്ഷണപദാർഥങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ നടപടിയുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). മേയ് 25 നും ജൂലൈ 31 നും ഇടയിൽ നടത്തിയ വ്യാപക പരിശോധനയിൽ 165 സ്ഥാപനങ്ങളുടെ ലൈസൻസുകൾ എഫ്ഡിഎ സസ്പെൻഡ് ചെയ്തു. ആകെ 3,137 ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവയിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ജന ആരോഗ്യത്തിന് ഹാനികരമായ 28.66 ലക്ഷം കിലോഗ്രാം സുരക്ഷിതമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 55.72 കോടി രൂപ വിലമതിക്കുമെന്ന് എഫ്ഡിഎ കമ്മീഷണർ തുക്കാരം മുണ്ടെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ 764 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാനായി നോട്ടീസ് നൽകി.

നിരോധിത ഉൽപ്പന്നങ്ങളായ ഗുഡ്ക, പാന്മാസാല എന്നിവയ്ക്കെതിരെയും ശക്തമായ നടപടിയാണ് എഫ്ഡിഎ എടുത്തത്. 658 കേന്ദ്രങ്ങളിൽ നിന്നായി 15.11 കോടി രൂപയുടെ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 519 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 701 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ 407 സ്ഥാപനങ്ങൾ പൂട്ടി മുദ്രവെക്കുകയും കടത്താൻ ഉപയോഗിച്ച 78 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സെലക്ടീവായാണ് എഫ്ഡിഎ നടപടിയെടുക്കുന്നത് എന്ന ചില ഹോട്ടലുടമകളുടെ ആരോപണം കമ്മീഷണർ തുക്കാരം മുണ്ടെ തള്ളി. വിഐപി പരിഗണന ആർക്കും നൽകിയിട്ടില്ലെന്നും പരിശോധിച്ചതിൽ 20 ശതമാനം സ്ഥാപനങ്ങൾക്കെതിരെ മാത്രമാണ് കർശന നടപടിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പരിശോധനകളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഏജൻസിയുടെ പക്കലുണ്ട്. സുരക്ഷിതമല്ലാത്ത ഭക്ഷണവും മരുന്നുകളും ജനങ്ങൾ കഴിക്കരുതെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like