മുംബൈ : മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) സംഘടിപ്പിക്കുന്ന പുതിയ അധ്യയന വർഷത്തെ മലയാളം ക്ലാസുകളുടെ “പ്രവേശനോത്സവം” ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 11.00-ന് അണുശക്തിനഗറിലെ AECS-2 സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം പുതിയ തലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും മലയാളം മിഷൻ മുംബൈ ചാപ്റ്റർ ചെയർമാനുമായ ഡോ. എ.പി. ജയറാമൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ ക്ലാസുകളിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിക്കുന്നത്.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഓണാഘോഷങ്ങളുടെ തുടക്കവും കുട്ടികൾ അവതരിപ്പിക്കുന്ന “കൂട്ടുകാർ” എന്ന നാടകവും മറ്റ് കലാപരിപാടികളും അരങ്ങേറും. പഠിതാക്കളെയും രക്ഷിതാക്കളെയും എല്ലാ മലയാള ഭാഷാസ്നേഹികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ടി.ടി.എഫ്.എ.സി ഭാരവാഹികൾ അറിയിച്ചു.