ഭായിജാന് എന്തുപറ്റി?’; ആശങ്കയിലായ ആരാധകർക്ക് മറുപടിയുമായി സൽമാൻ ഖാൻ, മാറിയ ലുക്കിന് പിന്നിലെ രഹസ്യം പുറത്ത്

by WhatsUp Mumbai

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സമീപകാല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആരാധകർക്കിടയിൽ വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒടുവിൽ, ആ ആശങ്കകൾക്ക് വിരാമമിട്ട് തന്റെ ശരീരഭാരത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. താൻ 16 കിലോ ഭാരം കുറച്ചതായി സൽമാൻ ഖാൻ വ്യക്തമാക്കി.

ആമസോൺ പ്രൈമിന്റെ റിയാലിറ്റി ഷോ ‘അലയൻസ്’ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ്, സഹോദരൻ സുഹൈൽ ഖാന് പിന്തുണയുമായി സൂപ്പർ താരം സൽമാൻ ഖാൻ എത്തിയത്. ഷോയിലെ സൽമാന്റെ സാന്നിധ്യവും അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

പ്രൊമോ വീഡിയോയിൽ താൻ ശരീരഭാരം കുറച്ചതിനെക്കുറിച്ച് സൽമാൻ സുഹൈലിനോട് സംസാരിക്കുന്നത് കാണാം. ഇതിന് മറുപടിയായി തന്റെ ആബ്‌സ് കാണിച്ചുകൊണ്ട്, താൻ 12 കിലോ ഭാരം കുറച്ചതായി സുഹൈൽ പറഞ്ഞു. ഉടനടി, “ഞാൻ 16 കിലോ കുറച്ചു” എന്നായിരുന്നു സൽമാന്റെ മറുപടി.

അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ താരം ക്ഷീണിതനായും തളർന്ന രീതിയിലും കാണപ്പെട്ടതോടെയാണ് ആരാധകർക്കിടയിൽ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ‘ഭായിജാന് എന്താണ് സംഭവിച്ചത്?’ എന്ന തരത്തിൽ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയർന്നുവന്നത്.

എന്നാൽ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും തനിക്കില്ലെന്നും, ശരീരഭാരം കുറച്ചതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് കാണുന്നതെന്നും താരം വ്യക്തമാക്കിയതോടെ ആരാധകർ ആശ്വാസത്തിലാണ്. വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾക്കും കഥാപാത്രങ്ങൾക്കും വേണ്ടിയുള്ള കഠിനമായ വർക്കൗട്ടിന്റെയും ഡയറ്റിന്റെയും ഭാഗമായാണ് ഈ വെയ്റ്റ് ലോസ് എന്നാണ് റിപ്പോർട്ടുകൾ.

അപൂർവ്വ ലാഖിയ സംവിധാനം ചെയ്യുന്ന ‘മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്’ എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ അടുത്തതായി വേഷമിടുന്നത്. ചിത്രത്തിനായി കഴിഞ്ഞ വർഷം ലഡാക്കിലെ കഠിനമായ കാലാവസ്ഥയിൽ താരം ഷൂട്ടിങ്ങിന് എത്തിയിരുന്നു. ഒരു സൈനികന്റെ വേഷം ചെയ്യുന്നത് ശാരീരികമായി തന്നെ എത്രത്തോളം തളർത്തിയെന്ന് താരം മുൻപ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഠിനമായ ഈ ആക്ഷൻ രംഗങ്ങളും കരിയറിലെ അമിത ജോലിഭാരവുമാകാം താരത്തിന്റെ പുതിയ ലുക്കിന് പിന്നിലെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.

You may also like