ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന തീരുമാനം: വ്യാജ പനീർ നിർമാണത്തിനും വിൽപ്പനയ്ക്കും മഹാരാഷ്ട്രയിൽ പൂട്ടുവീണു

by WhatsUp Mumbai

മുംബൈ: ഭക്ഷണപ്രിയർക്ക് കനത്ത മുന്നറിയിപ്പുമായി മഹാരാഷ്ട്ര സർക്കാർ. പാലുൽപ്പന്നമല്ലാത്ത വ്യാജ പനീർ അഥവാ ‘അനലോഗ് പനീറിന്റെ’ (Analogue Paneer) നിർമാണത്തിനും സംഭരണത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും സംസ്ഥാനത്ത് ഒരു വർഷത്തേക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും മുൻനിർത്തിയാണ് സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. ചത്തീസ്ഗഢിന് ശേഷം ഇത്തരം ഒരു നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

സസ്യഎണ്ണകൾ, അന്നജം (Starch), എമൽസിഫയറുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം കൃത്രിമ പനീറുകൾ ഉണ്ടാക്കുന്നത്. മഹാരാഷ്ട്ര ഫുഡ് സേഫ്റ്റി കമ്മീഷണർ തുകാറാം മുണ്ടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടപ്പാക്കിയ പരിശോധനകളിൽ ശേഖരിച്ച 308 സാംപിളുകളിൽ 35.4 ശതമാനവും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 79 എണ്ണം നിലവാരമില്ലാത്തതും 30 എണ്ണം ആരോഗ്യത്തിന് തികച്ചും ഹാനികരവുമാണെന്ന് തെളിഞ്ഞതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് അധികൃതർ കടന്നത്.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവയ്ക്കും വ്യാജ പനീർ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. യഥാർത്ഥ പനീറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കൾക്ക് ഇത്തരം വ്യാജ പനീർ വിളമ്പുന്നത് നിയമവിരുദ്ധമാണെന്നും ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (FDA) മുന്നറിയിപ്പ് നൽകി. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകും. ലംഘനത്തിന്റെ തീവ്രത അനുസരിച്ച് ആറു മാസം തടവും ഒരു ലക്ഷം രൂപ പിഴയും മുതൽ, ജീവഹാനി സംഭവിച്ചാൽ ജീവപര്യന്തം തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും വരെ ലഭിക്കാം.

നിയമസഭയിൽ ആദ്യമായി ഈ വിഷയം ഉന്നയിച്ച് നിരോധനം ആവശ്യപ്പെട്ട ബിജെപി എം.എൽ.എ വിക്രം പാച്ചപൂതെ സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഇത് ഉപഭോക്തൃ സംരക്ഷണത്തിൽ വിപ്ലവാത്മകമായ അധ്യായമാണെന്നും മറ്റു സംസ്ഥാനങ്ങളും ഇത് മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വ്യാജ ചീസ് (Analogue Cheese) വിൽക്കുന്ന മൾട്ടിനാഷണൽ കമ്പനികൾക്കെതിരെയും കടുത്ത നിരീക്ഷണം വേണമെന്ന് പാച്ചപൂതെ ആവശ്യപ്പെട്ടു. അഹില്യാനഗർ ജില്ലയിലെ ശ്രീഗോണ്ട മണ്ഡലത്തെയാണ് വിക്രം പാച്ചപൂതെ പ്രതിനിധീകരിക്കുന്നത്.

You may also like