മുംബൈ: സൗത്ത് മുംബൈയിലെ പ്രശസ്ത ദക്ഷിണേന്ത്യൻ റെസ്റ്റോറന്റായ ‘പൂർണിമ’യുടെ ഭക്ഷ്യസുരക്ഷാ ലൈസൻസ് റദ്ദാക്കിയ ഭക്ഷ്യ-ഔഷധ ഭരണകൂടത്തിന്റെ (FDA) നടപടിക്കെതിരെ ഉടമ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ പൂട്ടിച്ച് എഫ്.എസ്.എസ്.എ.ഐ ലൈസൻസ് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും തെറ്റായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
നിയമപ്രകാരം നൽകേണ്ട 14 ദിവസത്തെ നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് സസ്പെൻഡ് ചെയ്തത്. പച്ചക്കറികളിലും പഴങ്ങളിലും പൂപ്പൽ കണ്ടെത്തിയെന്ന എഫ്.ഡി.എയുടെ ആരോപണം തള്ളിയ ഹോട്ടൽ അധികൃതർ, പരിശോധിച്ച് ഉറപ്പുവരുത്താൻ സാമ്പിളുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് വ്യക്തമാക്കി. തറ തുടയ്ക്കുന്നതും അടുക്കള വൃത്തിയാക്കുന്നതുമായ സമയത്താണ് ഇൻസ്പെക്ടർമാർ എത്തിയതെന്നും, സ്വാഭാവിക ഈർപ്പവും മറ്റും തെറ്റായി റിപ്പോർട്ടിൽ രേഖപ്പെടുത്തുകയായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സമാനമായി ജൂലൈയിൽ ‘പാർക്ക് ഇൻ ബൈ റാഡിസൺ’ നൽകിയ ഹർജിയിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ എഫ്.ഡി.എ നടപടിക്കെതിരെ പൂർണിമ നൽകിയ ഹർജി വെള്ളിയാഴ്ച കോടതി പരിഗണിച്ചേക്കും.