മുംബൈ: കോൺക്രീറ്റ് കാടുകൾക്ക് നടുവിൽ പച്ചപ്പ് തേടുന്ന മുംബൈക്കാർക്ക് വൻ സന്തോഷവാർത്ത. വനമഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഘാട്കോപ്പറിൽ 25,000 സൗജന്യ ചെടികൾ വിതരണം ചെയ്യുന്നു. ഇൻഡോർ, ഔട്ട്ഡോർ ഇനത്തിൽപ്പെട്ട ചെടികളാണ് പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കുക.
പ്രാദേശിക മുൻസിപ്പൽ കോർപ്പറേഷൻ നേതാവ് രാഖി യാദവിന്റെ നേതൃത്വത്തിലാണ് ഈ വൻ പരിസ്ഥിതി സൗഹൃദ പദ്ധതി സംഘടിപ്പിക്കുന്നത്. വീടുകളിലും ഹൗസിംഗ് സൊസൈറ്റികളിലും ചെടികൾ നട്ടുപിടിപ്പിച്ച് നഗരത്തെ കൂടുതൽ ഹരിതാഭവും തണുപ്പുള്ളതുമാക്കാൻ മുംബൈക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പൂച്ചെടികൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, ബോൺസായ് ചെടികൾ എന്നിവ വിതരണത്തിനുണ്ടാകും. കൂടാതെ ഗാർഡനിങ് ഉപകരണങ്ങളുടെ പ്രദർശനവും പരിസ്ഥിതി സൗഹൃദ പരിപാടികളും വേദിയിൽ ഒരുക്കിയിട്ടുണ്ട്.
സൗജന്യ വിതരണത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഘാട്കോപ്പർ ഈസ്റ്റിലെ പന്ത് നഗറിലുള്ള ജനറൽ അരുൺ കുമാർ വൈദ്യ മൈതാനത്താണ് (General Arun Kumar Vaidya Ground, Pant Nagar, Ghatkopar East) രജിസ്ട്രേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്. ജൂലൈ 20 മുതൽ ജൂലൈ 28 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷനായി ആധാർ കാർഡ് നിർബന്ധമായും കരുതേണ്ടതുണ്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ സ്വീകരിക്കുന്നതല്ല. രജിസ്റ്റർ ചെയ്യുന്ന ഓരോ വ്യക്തിക്കും ഒരു ഇൻഡോർ ചെടിയും ഒരു ഔട്ട്ഡോർ ചെടിയും ലഭിക്കും. ഹൗസിംഗ് സൊസൈറ്റി പ്രതിനിധികൾക്കാണെങ്കിൽ ആറ് ചെടികൾ വരെ വാങ്ങാം. പേര് രജിസ്റ്റർ ചെയ്തവർക്കായി ജൂലൈ 29, 30 തീയതികളിൽ ഇതേ വേദിയിൽ വെച്ച് സൗജന്യ ചെടി വിതരണം നടക്കും.