മുംബൈ: മുംബൈയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ഏഴിൽ നാല് തടാകങ്ങളും കവിഞ്ഞൊഴുകുകയും ആകെ ജലസംഭരണം 77 ശതമാനത്തിൽ എത്തുകയും ചെയ്തിട്ടും നഗരത്തിലെ 10 ശതമാനം ജലനിയന്ത്രണം (വാട്ടർ കട്ട്) തുടരാൻ ബൃഹന്മുംബൈ കോർപ്പറേഷൻ (ബി.എം.സി) തീരുമാനിച്ചു. എൽ നിനോ പ്രതിഭാസം മൂലമുണ്ടാകാൻ സാധ്യതയുള്ള മഴക്കമ്മി മുന്നിൽ കണ്ടാണ് ഈ മുൻകരുതൽ നടപടി.
വരും മാസങ്ങളിൽ പ്രതീക്ഷിക്കുന്ന മഴയുടെ അളവിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ, വരാനിരിക്കുന്ന വരൾച്ചാ സാധ്യതകൾ നേരിടാനും നിലവിലെ വാട്ടർ സ്റ്റോക്ക് പരമാവധി ദിവസങ്ങളിലേക്ക് നീട്ടികൊണ്ടുപോകാനുമാണ് ബി.എം.സി ലക്ഷ്യമിടുന്നത്. മഴ കനത്തിട്ടും നഗരത്തിലെ ജലവിതരണ നിയന്ത്രണം പിൻവലിക്കാത്തതിൽ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടെങ്കിലും, വരും ദിവസങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടി നിരീക്ഷിച്ച ശേഷമേ തീരുമാനം പുനഃപരിശോധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.