തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനും പുതിയ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറിയും അമ്മ ഓൾ മുംബൈ മലയാളി അസോസിയേഷൻ പ്രസിഡൻറ്റുമായ ജോജോ തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ ഉൾപ്പെടെയുള്ള മറുനാടൻ മലയാളികൾ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും പെൻഷൻ വിതരണം അടിയന്തരമായി നടത്താനുള്ള നടപടികൾ ക്രമീകരിച്ചിട്ടുണ്ടെന്നും പ്രവാസി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് കൂടിക്കാഴ്ചയിൽ ജോജോ തോമസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറുനാടൻ പ്രവാസികളുടെ പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പെൻഷൻ വിതരണത്തിന് ഉത്തരവായെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ആയിരക്കണക്കിന് പ്രവാസികൾക്കാണ് വലിയ ആശ്വാസമാകുന്നത്. പ്രവാസികൾ നേരിടുന്ന മറ്റ് വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.