മുംബൈ :കനത്ത കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ കാലവർഷം ശക്തമായതിനെ തുടർന്ന് തെക്കൻ മുംബൈയിലും നഗരപ്രാന്തപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം. ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
രാത്രിയിലുടനീളം നീണ്ടുനിന്ന കനത്ത മഴയിൽ അന്ധേരി, പവായി, മലാഡ്, കാന്തിവിലി , മുളുണ്ട്, ബാന്ദ്ര, സയൺ, മഹാലക്ഷ്മി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ദിവസം മുഴുവൻ കനത്ത മഴയും ആകാശത്ത് മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) കടൽക്ഷോഭ (High Tide) മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കടലിൽ ഉയർന്ന തിരമാലകൾക്കും വെള്ളം കരയിലേക്ക് ഇരച്ചുകയറാനും സാധ്യതയുണ്ട്. കൂടാതെ, മുംബൈക്ക് പുറമെ താനെ, നവി മുംബൈ, കല്യാൺ-ഡോംബിവ്‌ലി തുടങ്ങിയ അയൽ പ്രദേശങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴ തുടരുകയാണ്.
കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം മന്ദഗതിയിലായി. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഗോരേഗാവ്, വിലെ പാർലെ പ്രദേശങ്ങളിലും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വിക്രോളി മുതൽ മുളുണ്ട്-താനെ വരെയുള്ള ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രാദേശിക ട്രെയിൻ സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്. വെസ്റ്റേൺ റെയിൽവേയിൽ സർവീസുകൾ സാധാരണ നിലയിലാണെങ്കിലും സെൻട്രൽ റെയിൽവേ ശൃംഖലയിൽ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് ഓടുന്നത്.
മോശം കാലാവസ്ഥയാണെങ്കിലും മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ സ്ഥാപനങ്ങൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് ബി.എം.സി തദ്ദേശ ഭരണകൂടങ്ങളുടെ നിലപാട്.