കേരളത്തിൽ പയറ്റിയ അടവുകളുമായി ശ്രുതി ഹോങ്കോങ്ങിലേക്ക്; ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി നാഗ്പൂരിന്റെ അഭിമാനം

by WhatsUp Mumbai

നാഗ്പൂർ: കഠിനാധ്വാനത്തിന്റെ കരുത്തിൽ ചരിത്രനേട്ടവുമായി ഫെൻസിങ് താരം ശ്രുതി ജോഷി. ഹോങ്കോങ്ങിൽ ജൂലൈ 22 മുതൽ 30 വരെ നടക്കുന്ന ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ, ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്ന നാഗ്പൂരിൽ നിന്നുള്ള ആദ്യ ഫെൻസിങ് താരമെന്ന ബഹുമതിയാണ് ഈ ഇരുപത്തിമൂന്നുകാരി സ്വന്തമാക്കിയത്. മുൻപ് ദേശീയ ഗെയിംസിൽ നാഗ്പൂരിനായി ഫെൻസിങ്ങിൽ ആദ്യ മെഡൽ നേടിയതും ശ്രുതിയായിരുന്നു.

സ്വകാര്യ കാർ ഡ്രൈവറായ ധർമ്മേന്ദ്ര ജോഷിയുടെയും സരോജിന്റെയും മകളായ ശ്രുതി, ഇത്വാരെയ്ക്കടുത്തുള്ള മംഗൾവാരിയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ഈ സ്വപ്നനേട്ടത്തിലേക്ക് കുതിച്ചത്. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ലോക ചാമ്പ്യൻഷിപ്പിനായുള്ള ഇരുപതംഗ ഇന്ത്യൻ ടീമിനെ ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചപ്പോഴാണ് ശ്രുതിയും യോഗ്യത നേടിയത്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂർണമെന്റ് കൂടിയാണിത്.

ശ്രേയ ഗുപ്ത, ജെഫാർലിൻ ജാനി, ആഖ്രി എന്നിവരടങ്ങുന്ന നാലംഗ ഇന്ത്യൻ വനിതാ സാബർ  ടീമിന്റെ ഭാഗമായാണ് ശ്രുതി മത്സരിക്കുന്നത്. നിലവിൽ കേരളത്തിലെ സായ് സെന്ററിൽ പ്രശസ്ത പരിശീലകൻ സാഗർ ലാഗുവിന് കീഴിലാണ് ശ്രുതി പരിശീലനം നേടുന്നത്. കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന 26-ാമത് ഏഷ്യൻ സീനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിലും ശ്രുതി പങ്കെടുത്തിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി 2028-ലെ ഒളിമ്പിക്സ് സ്വപ്നത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന ശ്രുതിക്ക് മഹാരാഷ്ട്ര, നാഗ്പൂർ ഫെൻസിങ് അസോസിയേഷൻ ഭാരവാഹികൾ ആശംസകൾ നേർന്നു.

You may also like