മുംബൈ: ‘മുംബൈ മലയാളികളുടെ സർഗ്ഗോത്സവം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവത്തിന്റെ പതിനഞ്ചാം പതിപ്പിന് ഈ വർഷം തുടക്കമാകുന്നു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെയാണ് ഇത്തവണത്തെ മലയാളോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷത്തെ പരിപാടികളുടെ കലണ്ടർ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 16-ന് നടക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്റെ ഉദ്ഘാടനത്തോടെ, ആറു മാസക്കാലം നീണ്ടുനിൽക്കുന്ന കേരളീയ കലാമാമാങ്കത്തിന്റെ ബൃഹത്തായ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15, 16 തീയതികളിൽ കേരളത്തിൽ നിന്നുള്ള പ്രസാധകരെ പങ്കെടുപ്പിച്ച് പുസ്തക പ്രദർശനവും സാംസ്കാരിക സമ്മേളനവും കവിയരങ്ങും സംഘടിപ്പിക്കും.
മേഖലാതല പ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ എല്ലാ മേഖലകളിലും വാർഷിക പൊതുയോഗങ്ങൾ നടക്കും. തുടർന്നുള്ള കേന്ദ്ര വാർഷിക പൊതുയോഗം ഒക്ടോബർ 11-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 18 സംഘടനാ അംഗത്വദിനമായി ആചരിക്കും. അന്നേ ദിവസം പ്രവർത്തകർ മേഖലകളിൽ ഗൃഹസന്ദർശനം നടത്തി പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
നവംബർ 1 മുതൽ 5 വരെയുള്ള തീയതികളിൽ ഇതര സംഘടനകളുമായി സഹകരിച്ച് കേരളപ്പിറവി ദിനം ആചരിക്കും. നവംബർ 1 മുതൽ 30 വരെയാണ് മേഖലകളിലെ മലയാളോത്സവങ്ങൾ നടക്കുക. മേഖലകളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രാൻഡ് ഫിനാലെ (കേന്ദ്ര കലോത്സവം) ഡിസംബർ 27-ന് അരങ്ങേറും. തുടർന്ന് 2027 ജനുവരി 17-ന് നാടകോത്സവവും, ജനുവരി 31-ന് പതിനഞ്ചാം മലയാളോത്സവത്തിന്റെ സമാപനവും പുരസ്കാര സമർപ്പണവും നടക്കുമെന്ന് മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വർമ്മയും ജനറൽ സെക്രട്ടറി റീന സന്തോഷും അറിയിച്ചു.