മുംബൈ: മുംബൈ കോസ്റ്റൽ റോഡിലെ തുരങ്കത്തിനുള്ളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മറൈൻ ഡ്രൈവിൽ നിന്ന് വർളിയിലേക്കുള്ള തുരങ്ക പാതയിലാണ് സംഭവം. അപകടത്തെത്തുടർന്ന് അധികൃതർ തുരങ്കം താൽക്കാലികമായി അടച്ചതോടെ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
അപകടവിവരമറിഞ്ഞ് ഫയർ ബ്രിഗേഡ്, പോലീസ്, ആംബുലൻസ് വിഭാഗങ്ങൾ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തീയണച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പാത വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.
കാറിന് തീപിടിച്ചതോടെ തുരങ്കത്തിനുള്ളിൽ വലിയ പരിഭ്രാന്തിയാണുണ്ടായത്. ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ച് വർളി ഭാഗത്തേക്ക് തിരികെ ഓടുകയായിരുന്നുവെന്നും വലിയ രീതിയിലുള്ള നിലവിളികളും ആശയക്കുഴപ്പവുമാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായതെന്നും ദൃക്സാക്ഷികൾ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.
അതേസമയം കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.