മുംബൈയിൽ ജലസംഭരണം 50 ശതമാനത്തിനടുത്ത്; ആശങ്കയൊഴിഞ്ഞു

by WhatsUp Mumbai

മുംബൈ: തടാകപ്രദേശങ്ങളിൽ മഴ കുറഞ്ഞെങ്കിലും മുംബൈ നഗരത്തിന് ആശ്വാസമായി ജലസംഭരണികളിലെ ജലനിരപ്പ് 50 ശതമാനത്തിനടുത്ത് തുടരുന്നു. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ഏഴ് പ്രധാന തടാകങ്ങളിലായി നിലവിൽ 49.92% വെള്ളമുണ്ടെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) ഹൈഡ്രോളിക് എഞ്ചിനീയർ വിഭാഗം അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആറുമണിയിലെ കണക്കുപ്രകാരം 7,22,538 ദശലക്ഷം ലിറ്റർ വെള്ളമാണ് തടാകങ്ങളിലുള്ളത്. തിങ്കളാഴ്ചയിത് 49.93 ശതമാനമായിരുന്നു. പുതിയ മഴ ലഭിക്കാത്തതിനാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 111 ദശലക്ഷം ലിറ്ററിന്റെ നേരിയ കുറവ് മാത്രമാണ് സംഭരണത്തിലുണ്ടായത്. ജൂലൈ ആദ്യവാരം ലഭിച്ച റെക്കോർഡ് മഴയാണ് നഗരത്തിന്റെ കുടിവെള്ള ലഭ്യത ഉറപ്പാക്കിയത്.

​സംഭരണികളിൽ വിഹാർ തടാകം പൂർണ്ണമായും (100%), തുളസി തടാകം 98.84 ശതമാനവും നിറഞ്ഞുനിൽക്കുകയാണ്. കനത്ത മഴയെത്തുടർന്ന് ജൂലൈ ഏഴിന് രാത്രി തന്നെ ഇവ രണ്ടും കവിഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. മറ്റ് പ്രധാന തടാകങ്ങളായ മിഡിൽ വൈതരണയിൽ 93.09 ശതമാനവും, മോദക് സാഗറിൽ 79.36 ശതമാനവും, തൻസയിൽ 78.23 ശതമാനവും ജലമുണ്ട്. മുംബൈയുടെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ ഭട്സയിൽ 44.80 ശതമാനവും അപ്പർ വൈതരണയിൽ 28.38 ശതമാനവുമാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ പകുതിയോളം വെള്ളം ലഭ്യമായതോടെ താൽക്കാലികമായി ജലക്ഷാമ ഭീഷണി ഒഴിഞ്ഞെങ്കിലും അധികൃതർ നീരൊഴുക്ക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

You may also like