മുംബൈ: മഹാരാഷ്ട്രയെ നടുക്കി സംസ്ഥാനവ്യാപകമായി വിതരണം ചെയ്തത് 2.3 കോടി ലിറ്ററിലധികം കൃത്രിമപ്പാൽ. കഴിഞ്ഞ ആറുമാസത്തിനിടെ വിപണിയിലെത്തിയ ഈ വൻ വ്യാജപ്പാൽ മാഫിയയെ സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് വലയിലാക്കിയത്. പാലിൽ കൊഴുപ്പിന്റെ അളവ് കൃത്രിമമായി കൂട്ടാൻ വേണ്ടി ഡിറ്റർജന്റ് പൗഡർ, പാംഓയിൽ, കുറഞ്ഞ ഗുണനിലവാരമുള്ള പാൽപ്പൊടി, മാരകമായ രാസവസ്തുക്കൾ എന്നിവ ചേർത്താണ് ഈ വിഷപ്പാൽ നിർമ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സമാന്തരമായി പ്രവർത്തിക്കുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയുടെ പ്രധാന സൂത്രധാരൻ സുശാന്ത് ഹിംഗെ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളടക്കം 26 പേർക്കെതിരെ കേസെടുക്കുകയും ഇതിൽ 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിപ്പുകാർക്ക് ഉപദേശം നൽകിയിരുന്ന കൺസൾട്ടന്റായ സന്ദീപ് ലോധ എന്നയാളെയും അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്. പ്രതികളിൽ ചിലർ ഒളിവിലാണ്.
കാലിത്തീറ്റ വിൽപ്പനയുടെ മറവിലാണ് പ്രതികൾ ഗുണനിലവാരം കുറഞ്ഞ പാൽപ്പൊടികൾ വൻതോതിൽ വാങ്ങിയിരുന്നത്. ഇതിൽ കെമിക്കലുകളും പാംഓയിലും ഡിറ്റർജന്റും ചേർത്ത് നിർമ്മിക്കുന്ന കൃത്രിമപ്പാൽ, യഥാർത്ഥ പാലിൽ 10 ശതമാനത്തോളം കലർത്തിയാണ് വിതരണം ചെയ്തിരുന്നത്. അന്വേഷണ പരിധിയിലുള്ള സമയത്ത് മാത്രം ഏകദേശം 9.2 കോടി രൂപ വിലമതിക്കുന്ന 23.04 ലക്ഷം ലിറ്റർ കൃത്രിമപ്പാൽ ഇത്തരത്തിൽ വിപണിയിലെത്തിച്ചു. തട്ടിപ്പ് പുറത്തായതോടെ വിതരണക്കാരായ പ്രധാന ഏജൻസികളുടെ 5 ഭക്ഷ്യ ലൈസൻസുകൾ റദ്ദാക്കുകയും 1.48 കോടി രൂപ വിലവരുന്ന രാസവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ പുതിയ എഫ്.ഡി.എ കമ്മീഷണറായി തുക്കാരം മുണ്ടെ ചുമതലയേറ്റ ശേഷമാണ് സംസ്ഥാനവ്യാപകമായി ഈ കർശന നടപടികൾ ആരംഭിച്ചത്. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും കുറ്റക്കാർക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.