മുംബൈ:വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളി ദമ്പതികളുടെ ഭൗതികശരീരങ്ങൾ ജന്മനാടായ കേരളത്തിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 6:30-നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭൗതികശരീരങ്ങൾ തിരുവനന്തപുരത്തേക്ക് വിമാനമാർഗ്ഗം അയച്ചത്.
വിയറ്റ്നാം ദുരന്തത്തിൽ മരണപ്പെട്ട 15 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി 9:30 ഓടെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് അതീവ ജാഗ്രതയോടെയും വേഗത്തിലുമാണ് വിമാനത്താവളത്തിലെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.
രാത്രി മുഴുവൻ നീണ്ടുനിന്ന വിമാനത്താവളത്തിലെ സങ്കീർണ്ണമായ നിയമനടപടികളും മറ്റ് ഔദ്യോഗിക ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുംബൈയിലെ നോർക്ക (NORKA) ഉദ്യോഗസ്ഥനായ ഭരത്, നവി മുംബൈയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സുധീഷ് എന്നിവർ നേരിട്ട് വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഇവരുടെ കൃത്യമായ ഇടപെടലുകളാണ് നടപടികൾ വേഗത്തിലാക്കാനും രാവിലെ തന്നെയുള്ള വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി അയക്കാനും സഹായകരമായത്.
തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി തുടർനടപടികൾക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോകും. വിയറ്റ്നാമിൽ വെച്ചുണ്ടായ ഈ വൻ ദുരന്തത്തിൽ വിടപറഞ്ഞ മലയാളി ദമ്പതികളുടെ വേർപാട് പ്രവാസി സമൂഹത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽപ്പെട്ട മറ്റ് മൃതദേഹങ്ങളും അതത് സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ മുംബൈയിൽ പൂർത്തിയായി വരുന്നു.