മൊഹറം ഘോഷയാത്രയിൽ വിഷഗുളിക വിതരണം ചെയ്ത സംഭവം: പൂനെ സ്വദേശി ഫയ്യാസ് പ്രേംജിക്ക് തീവ്രവാദ ബന്ധമെന്ന് സംശയം

by WhatsUp Mumbai

മുംബൈ: ബൈക്കുള മൊഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത കേസിലെ അന്വേഷണം രാജ്യാന്തര തലങ്ങളിലേക്ക്. അറസ്റ്റിലായ പൂനെ സ്വദേശി ഫയ്യാസ് നിസാർ ഹുസൈൻ പ്രേംജി (39) യുടെ മൊബൈൽ ഫോണിൽ നിന്ന് രാജ്യവിരുദ്ധ ഇമെയിലുകളും വിദേശ നമ്പറുകളടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളും മുംബൈ പോലീസ് കണ്ടെടുത്തു. പ്രതിക്ക് ഇറാൻ, ഇറാഖ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്. ഇതോടെ സംഭവത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

ഭാര്യയും സഹോദരഭാര്യയും ഉപേക്ഷിച്ചുപോയതിലുള്ള പ്രതികാരമായാണ് ഈ ക്രൂരത ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ഓൺലൈൻ വഴി മുപ്പതിനായിരം ശൂന്യമായ കാപ്സ്യൂളുകളും 50 കിലോഗ്രാം സിങ്ക് ഫോസ്ഫൈഡ് എന്ന മാരക എലിവിഷവും വരുത്തിയാണ് പ്രതി ഗുളികകൾ തയ്യാറാക്കിയത്. ഘോഷയാത്രയ്ക്കിടെ സംശയകരമായി ഗുളിക വിതരണം ചെയ്യുന്നത് കണ്ട ഒരു സ്ത്രീയുടെ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. 14,900 വിഷഗുളികകളും മാരക രാസപൊടിയും പോലീസ് പിടിച്ചെടുത്തു. ഡിസിപി ജയന്ത് മീനയുടെ മേൽനോട്ടത്തിൽ അതീവ രഹസ്യമായാണ് കേസിന്റെ തുടർ അന്വേഷണം പുരോഗമിക്കുന്നത്.

You may also like