മുംബൈ::വ്യാജരേഖകളുണ്ടാക്കി 28 വർഷമായി ഡോക്ടറായി ചമഞ്ഞ് രോഗികളെ ചികിത്സിക്കുകയും ബോളിവുഡ് സെലിബ്രിറ്റികളുമായി വരെ ബന്ധം സ്ഥാപിക്കുകയും ചെയ്ത 50-കാരനെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ‘ഡോ. ധർമേന്ദ്ര കുമാർ’ എന്ന പേരിൽ വ്യാജമായി ജീവിച്ചിരുന്ന ഇയാളെ ക്രൈം ബ്രാഞ്ച് ഡിസിപി രാജ് തിലക് റൗഷൻ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് അന്തർസംസ്ഥാന ബന്ധങ്ങളുള്ള വൻ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടുകൾ വഴി ഇയാൾ 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
മുംബൈ ക്രൈം ബ്രാഞ്ച് അടുത്തിടെ തകർത്ത ഒരു വൻ തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. നേരത്തെ ഈ കേസിൽ പിടിയിലായ, മുംബൈ പൊലീസിലെ ഡെപ്യൂട്ടി കമ്മീഷണർ (DCP) ആയി ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന മുഹമ്മദ് ഗൗസ് ഇബ്രാഹിം ഖത്തീബ് (52) എന്ന ‘ഡോ. രാജ് ഖത്തീബ്’ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ധർമേന്ദ്ര കുമാറിന്റെ അറസ്റ്റ്. വ്യാജ ഡിസിപിയായ ഖത്തീബ് സംഘടിപ്പിച്ചിരുന്ന മെഡിക്കൽ ക്യാമ്പുകളിൽ ധർമേന്ദ്ര കുമാർ സന്ദർശനം നടത്തിയിരുന്നതായും ഈ ക്യാമ്പുകളിലേക്ക് ബോളിവുഡ് സെലിബ്രിറ്റികളെ വരെ ക്ഷണിച്ചുവരുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ധർമേന്ദ്ര കുമാറിന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ ഐഡന്റിറ്റി കാർഡ്, പാൻ കാർഡ്, വിസിറ്റിംഗ് കാർഡുകൾ, വിവിധ സംഘടനകളുടെ സർട്ടിഫിക്കറ്റുകൾ, ചികിത്സാ രേഖകൾ എന്നിവ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു.
ഒരു ഗുജറാത്ത് സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് ഈ തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നത്. ഒരു ബിൽഡറിൽ നിന്ന് പണം തിരിച്ചുപിടിച്ചു നൽകാമെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഡിസിപി ചമഞ്ഞ് ഇവർ തങ്ങളിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. ഒടിടി (OTT) പ്ലാറ്റ്ഫോം നടത്തുന്ന സികന്ദർ കോത്താരി എന്നയാളാണ് പരാതിക്കാരൻ. 2024-ൽ മറൈൻ ഡ്രൈവിൽ വെച്ച് രാജേഷ് ചൗധരി, നവീൻ ശർമ്മ എന്നിവരെ കണ്ടുമുട്ടിയപ്പോഴാണ് അവർ ഖത്തീബിനെ മുംബൈ പൊലീസിലെ സർവിസിലിരിക്കുന്ന ഡിസിപിയായി പരിചയപ്പെടുത്തിയത്. പൊലീസ് യൂണിഫോം ധരിച്ച ചിത്രങ്ങൾ കാണിച്ച് സ്വാധീനം ഉറപ്പിച്ച ഖത്തീബ്, ബിൽഡർ കമൽ സാധ്വാനിയിൽ നിന്ന് സികന്ദർ കോത്താരിക്ക് ലഭിക്കാനുള്ള പണം വാങ്ങിനൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ കോത്താരിക്ക് ഫ്ലാറ്റോ പണമോ ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ മാസം ത്രീ-സ്റ്റാർ ഹോട്ടലിൽ വെച്ച് വായ്പ തട്ടിപ്പിന് ശ്രമിക്കുന്നതിനിടെ ഖത്തീബ്, മകൻ മാഷബ് ഖത്തീബ്, ഷാഹിദ് കപഡിയ എന്നിവരെ ക്രൈം ബ്രാഞ്ച് കൈയോടെ പിടികൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാജസ്ഥാൻ വ്യവസായി രാജേഷ് ബെഡ്സിങ് ചൗധരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ജോയിന്റ് പൊലീസ് കമ്മീഷണർ (ക്രൈം) അനിൽ കുംഭാരെ, അഡീഷണൽ കമ്മീഷണർ കൃഷ്ണ കാന്ത് ഉപാധ്യായ, ഡിസിപി രാജ് തിലക് റൗഷൻ, എസിപി ദിങ്കർ ശിൽവത്, സീനിയർ ഇൻസ്പെക്ടർമാരായ അരവിന്ദ് പാട്ടീൽ, സൽമാൻ ഖാൻ പത്താൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് ഈ വൻ തട്ടിപ്പ് വീരനെ വലയിലാക്കിയത്. പ്രതികൾ വിവിധ ബാങ്കുകളിൽ വ്യാജ അക്കൗണ്ടുകൾ തുറന്നാണ് സിഎസ്ആർ ഫണ്ടുകൾ തട്ടിയെടുത്തിരുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലെയും കമ്പനികളുടെയും വ്യക്തികളുടെയും പേരിലുള്ള പ്രോജക്ട് റിപ്പോർട്ടുകൾ പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വർധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.