വിയറ്റ്‌നാം ദുരന്തം: 15 മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ മുംബൈയിലെത്തിക്കും; വിടപറഞ്ഞ മലയാളി ദമ്പതികളെ നാളെ നാട്ടിലെത്തിക്കാൻ നടപടി

by WhatsUp Mumbai

മുംബൈ :വിയറ്റ്‌നാമിലുണ്ടായ ദാരുണമായ ബോട്ട് ദുരന്തത്തിൽ ഇരകളായ 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ മുംബൈയിലെത്തിക്കും. ദുരന്തത്തിൽ കൊല്ലം കൊട്ടാരക്കര സ്വദേശികളായ മലയാളി ദമ്പതികളും മരണപ്പെട്ടിരുന്നു. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞ മലയാളികൾ.

വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസിയാണ് 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ മുംബൈയിൽ എത്തിക്കുമെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ അടിയന്തര ഇടപെടലുകളെത്തുടർന്നാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികൾ അതിവേഗം പൂർത്തിയാക്കിയത്. 

മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ കേരളത്തിലെത്തിക്കും

ബോട്ട് അപകടത്തിൽ മരണപ്പെട്ട എ സി തോമസിന്റെയും ലൗനി തോമസിന്റെയും ഭൗതികശരീരങ്ങൾ നാളെ (ജൂലൈ 14) നാട്ടിലെത്തിക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഇന്ന് രാത്രി 09.30 നുള്ള വിമാനത്തിൽ വിയറ്റ്നാമിൽ നിന്നും മുംബൈയിലെത്തിക്കുന്ന മൃതദേഹങ്ങൾ, നാളെ രാവിലെ 06.30 ന് പുറപ്പെടുന്ന എയർ ഇന്ത്യ AI 2605 വിമാനത്തിൽ ഒൻപതു മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. ഇവിടെ നിന്നും തുടർന്ന് കൊട്ടാരക്കരയിലെ സ്വവസതിയിലേക്ക് റോഡ് മാർഗമായിരിക്കും കൊണ്ടുപോകുക.

മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടർന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങൾ എത്തിക്കുന്നതിനുമുള്ള എല്ലാ അടിയന്തര ക്രമീകരണങ്ങളും നോർക്ക റൂട്സ് ഏകോപിപ്പിച്ചു വരികയാണെന്ന് നോർക്ക റൂട്ട്സ് പബ്ളിക് റിലേഷന്‍സ് ഓഫീസറും ഐ & പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറുമായ അനിൽ ഭാസ്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

നാടിനെ നടുക്കിയ വൻ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മുംബൈ വിമാനത്താവളത്തിലും പ്രത്യേക ക്രമീകരണങ്ങൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. വിയറ്റ്‌നാമിൽ നിന്നുളള കൂടുതൽ വിവരങ്ങൾക്കായി അധികൃതർ നയതന്ത്ര കാര്യാലയവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.

You may also like