മുംബൈ: അന്ധേരി വെസ്റ്റിൽ ബ്രേക്ക് തകരാറിലായ ബിഇഎസ്ടി (BEST) ബസ് നിയന്ത്രണം വിട്ട് ഒട്ടനവധി വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ അപകടം. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു.
തിരക്കേറിയ റോഡിലൂടെ വരികയായിരുന്ന ബസിന്റെ ബ്രേക്ക് പെട്ടെന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവമറിഞ്ഞ് പോലീസും രക്ഷാപ്രവർത്തകരും ഉടനടി സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് മേഖലയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തതായും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.