സസുപാഡ ജില്ലാ പരിഷദ് സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം

by WhatsUp Mumbai

താനെ: പാൾഘർ ജില്ലയിലെ വസായി താലൂക്കിൽ ഉൾപ്പെടുന്ന മാൽജിപാഡ സസുപാഡ ജില്ലാ പരിഷദ് മറാത്തി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്ത് താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS). സംഘടനയുടെ വിദ്യാഭ്യാസ സേവന പദ്ധതിയുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ ആദിവാസി മേഖലയിലെ കുട്ടികൾക്ക് സഹായഹസ്തവുമായി ഭക്തസംഘം എത്തിയത്.
ചടങ്ങിൽ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം സെക്രട്ടറി ശശികുമാർ നായർ, സന്നദ്ധപ്രവർത്തകൻ മിലിന്ദ് ജോഷി എന്നിവർ സംബന്ധിക്കുകയും വിദ്യാർത്ഥികളോടും അധ്യാപകരോടും ആശയവിനിമയം നടത്തുകയും ചെയ്തു. താനെ നഗരത്തിൽ നിന്നും 20 കിലോമീറ്ററോളം അകലെയുള്ള ഈ സ്കൂളിലേക്ക് ആദ്യമായാണ് ഭക്തസംഘം സഹായമെത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും വിതരണം ചെയ്തു.


തങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ആദ്യമായാണ് ഒരു സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സ്കൂൾ ഹെഡ്മിസ്ട്രസ് നന്ദിപൂർവ്വം സ്മരിച്ചു. അതോടൊപ്പം, സ്കൂളിലെ ശൗചാലയം ഉപയോഗശൂന്യമാണെന്നും, കുട്ടികൾ നിലവിൽ സമീപത്തെ അങ്കണവാടിയെയാണ് ആശ്രയിക്കുന്നതെന്നും ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അവർ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തി.

പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കൂടുതൽ സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പുനൽകിയ ഭക്തസംഘം, തങ്ങളെ പിന്തുണച്ച എല്ലാ ദാതാക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

You may also like