മുംബൈ: ദക്ഷിണ മുംബൈയിലെ നേപിയൻ സീ റോഡിൽ 55-കാരിയായ ജ്യോതി പ്രകാശ് പവാർ കൊല്ലപ്പെട്ട കേസിൽ വാടകക്കാരനായ മൊഹമ്മദ് കൈഫ് ഷെയ്ഖ് (23) അറസ്റ്റിൽ. കവർച്ചാശ്രമത്തിനിടെ പ്രതിരോധം നേരിട്ടതിനെ തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മലബാർ ഹിൽ പൊലീസിന്റെ കണ്ടെത്തൽ.
ഭർത്താവിന്റെ മരണശേഷം സിംലാ നഗറിൽ ഒറ്റയ്ക്കായിരുന്നു ജ്യോതി പവാറിന്റെ താമസം. വീട്ടുജോലി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ജോലിക്കെത്താതിരിക്കുകയും ഫോൺവിളികൾക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് തൊഴിലുടമ മകൾ ഏക്തയെ വിവരമറിയിച്ചു. തുടർന്ന് വീട്ടിലെത്തിയ ഏക്ത വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലും അമ്മയുടെ ചെരുപ്പുകൾ പുറത്തുകിടക്കുന്നതും കണ്ടതോടെ പൂട്ടുതുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു.
വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതായതിനാൽ ആദ്യം കവർച്ചയെന്ന സംശയത്തിലാണ് അന്വേഷണം ആരംഭിച്ചത്. സ്വത്ത് തർക്കം, കുടുംബവഴക്കുകൾ, പരിചയക്കാർ, സമീപകാല തർക്കങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളോ ദൃക്സാക്ഷികളോ ലഭിക്കാതിരുന്നതിനാൽ അന്വേഷണം പ്രതിസന്ധിയിലായിരുന്നു.
അന്വേഷണത്തിനിടെ അതേ കെട്ടിടത്തിലെ മുകളിലെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മൊഹമ്മദ് കൈഫ് ഷെയ്ഖിനെ ചോദ്യം ചെയ്തെങ്കിലും ആദ്യം സംശയം തോന്നിയിരുന്നില്ല. പിന്നീട് വീണ്ടും ചോദ്യം ചെയ്തപ്പോൾ ഇയാളുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് കുറ്റം സമ്മതിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഓഹരി വിപണിയിൽ സാമ്പത്തിക നഷ്ടം സംഭവിച്ചതിനെ തുടർന്ന് ജ്യോതി പവാർ ധരിച്ചിരുന്ന സ്വർണ ചെയിൻ തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാവിലെ ആറുമണിയോടെ വീട്ടിലെത്തി വാതിൽ തുറന്ന ഉടൻ മാല കവർന്നെടുക്കാൻ ശ്രമിച്ചെങ്കിലും ജ്യോതി ശക്തമായി പ്രതിരോധിച്ചു. തിരിച്ചറിഞ്ഞതിനാൽ പിടിയിലാകുമെന്ന ഭയത്തിൽ വീട്ടിനുള്ളിലേക്ക് തള്ളിക്കയറ്റി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ ചെയിനും വളകളും മറ്റ് ആഭരണങ്ങളും കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വീട് പുറത്തുനിന്ന് പൂട്ടിയശേഷം സ്വന്തം മുറിയിലെത്തി കുളിച്ച് പതിവുപോലെ ജോലിക്കുപോയതായും അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോൺ വഴിമധ്യേ 3,500 രൂപയ്ക്ക് വിറ്റതായും പൊലീസ് അറിയിച്ചു.
.സി.ടി.വി. ദൃശ്യങ്ങളോ ദൃക്സാക്ഷികളോ നിർണായക ഫോറൻസിക് തെളിവുകളോ ഇല്ലാതിരുന്നിട്ടും ഓരോ സൂചനയും പരിശോധിച്ചും പ്രതികളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിച്ചുമാണ് കേസ് തെളിയിച്ചതെന്ന് പൊലീസ് അറിയിച്ചു.