മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വെട്ടിച്ചെന്ന ആരോപണത്തിൽ ബിജെപിക്കും ആർഎസ്എസിനുമെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനൊരുങ്ങി മഹാരാഷ്ട്ര കോൺഗ്രസ്. ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയും സ്വർണ്ണ-വെള്ളി ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടെന്നും, ഇത് ഭക്തരുടെ വിശ്വാസത്തിന്മേൽ നടത്തിയ വലിയ കവർച്ചയാണെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് ഹർഷവർധൻ സപ്കൽ കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
ചൊവ്വാഴ്ച രാവിലെ 11-ന് നാസിക്കിലെ ചരിത്രപ്രസിദ്ധമായ കാളാറാം ക്ഷേത്രത്തിൽ നിന്ന് പ്രക്ഷോഭം ആരംഭിക്കും. തുടർന്ന് ജൂലൈ 9 മുതൽ 14 വരെ എല്ലാ ജില്ലകളിലെയും പ്രാദേശിക രാമ, ശിവ, ഹനുമാൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ‘രഘുപതി രാഘവ രാജാ റാം’ സത്യാഗ്രഹം സംഘടിപ്പിക്കും. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ പേരിൽ പണം തട്ടിയെടുത്ത വഞ്ചകർക്ക് നല്ല ബുദ്ധി നൽകാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടായിരിക്കും ഈ പ്രതിഷേധമെന്നും ഹർഷവർധൻ സപ്കൽ വ്യക്തമാക്കി.
സമാനമായ സംഭാവന തട്ടിപ്പ് ഉന്നയിച്ച് ശിവസേന (യുബിടി) വിഭാഗവും ജൂലൈ 5 മുതൽ സംസ്ഥാനവ്യാപകമായി ‘രാമരക്ഷാ ആന്ദോളൻ’ ആരംഭിച്ചിരുന്നു. മുംബൈ ദാദറിലെ ഹനുമാൻ ക്ഷേത്രത്തിൽ അയോധ്യയിലെ സാധുക്കൾക്കൊപ്പം രാമരക്ഷാ മഹാ ആരതി നടത്തി പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് ഇതിന് തുടക്കമിട്ടത്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഉടനടി പിരിച്ചുവിടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.
ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ, സ്വർണ്ണ രാമചരിതമാനസം, സീതാദേവിയുടെ സ്വർണ്ണ മംഗല്യസൂത്രം എന്നിവ കാണാതായിട്ടുണ്ടെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ആരോപിച്ചു. തങ്ങൾ കടുത്ത രാജ്യസ്നേഹികളായ ഹിന്ദുക്കളാണെന്നും, വിശ്വാസം ചൂഷണം ചെയ്ത് ക്ഷേത്രം കൊള്ളയടിച്ചാൽ ഹിന്ദുക്കൾ ക്ഷമിക്കില്ലെന്നും ഉദ്ധവ് താക്കറെയും മുന്നറിയിപ്പ് നൽകി.