മുംബൈ: മനുഷ്യജീവൻ അങ്ങേയറ്റം വിലപ്പെട്ടതാണെന്നും ഒരു ദുരന്തം നടന്ന് ആളപായം ഉണ്ടായതിന് ശേഷം മാത്രമാണോ അധികൃതർ ഉണർന്നു പ്രവർത്തിക്കുകയെന്നും ബോംബെ ഹൈക്കോടതി. കനത്ത മഴയ്ക്കിടയിൽ മുംബൈയിലെ സാകിനാക പ്രദേശത്ത് തുറന്നുകിടന്ന മാൻഹോളിൽ വീണ് അസ്ലം ഷെയ്ഖ് എന്ന അൻപത്തിയഞ്ചുകാരൻ മരണപ്പെട്ട സംഭവത്തിലാണ് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് നേരെ കോടതി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.
ജസ്റ്റിസ് അജയ് ഗാഡ്കരി, ജസ്റ്റിസ് കമൽ ഖാട്ട എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോർപ്പറേഷൻ സമർപ്പിച്ച പുരോഗതി റിപ്പോർട്ടുകളെല്ലാം വെറും കൺകെട്ടുവിദ്യയാണെന്ന് കോടതി തള്ളിക്കളഞ്ഞു. മഴക്കാലം എത്തുന്നതിന് മുൻപ് തന്നെ ഇത്തരം മുൻകരുതലുകൾ എടുക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും, ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകാൻ കോർപ്പറേഷന് സാധിക്കുമോ എന്നും കോടതി ആരാഞ്ഞു. നഷ്ടപരിഹാരം നൽകിയതുകൊണ്ട് മാത്രം നഷ്ടപ്പെട്ട ജീവൻ തിരിച്ചുകൊണ്ടുവരാൻ ആകില്ലെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
ദുരന്തത്തെത്തുടർന്ന് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിനായി കമ്മിറ്റി രൂപീകരിച്ചതായും കോർപ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ അനിൽ സഖാരെ കോടതിയെ അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും, നഗരത്തിലെ അപകടകരമായ മുഴുവൻ മാൻഹോളുകളും ഒരാഴ്ചയ്ക്കകം അടയ്ക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരാതികൾ സ്വീകരിക്കാനായി വാട്സാപ്പ് ഹെൽപ്പ്ലൈൻ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡുകളുടെ മോശം അവസ്ഥയും തുറന്ന മാൻഹോളുകളും ചൂണ്ടിക്കാട്ടി അഭിഭാഷകയായ രുജു താക്കർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ കർശന നടപടികൾ സ്വീകരിച്ചത്. നഗരത്തിലെ തുറന്ന മാൻഹോളുകളെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് ചിത്രങ്ങൾ സഹിതം അറിയിക്കാനുള്ള സംവിധാനം ശക്തമാക്കാനും, പരിഹരിച്ച പരാതികളുടെ ചിത്രങ്ങൾ തെളിവായി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 14-ലേക്ക് മാറ്റി.