മുംബൈ ട്രെയിൻ കൊലപാതകങ്ങൾ: റെയിൽവേ സ്‌റ്റേഷനുകളിൽ സുരക്ഷാ ഉപകരണങ്ങൾ നിശ്ചലം; യാത്രക്കാർ ആശങ്കയിൽ

by WhatsUp Mumbai

​മുംബൈ: ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട മുംബൈയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങൾ ഭൂരിഭാഗവും പ്രവർത്തനരഹിതമോ ഉപയോഗിക്കാത്ത നിലയിലോ ആണെന്ന് റിപ്പോർട്ട്. ചർച്ച്‌ഗേറ്റ്, സി.എസ്.എം.ടി, മുംബൈ സെൻട്രൽ, ദാദർ, താനെ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള മെറ്റൽ ഡിറ്റക്ടറുകളും ബാഗേജ് സ്‌കാനറുകളുമാണ് ഇങ്ങനെ നോക്കുകുത്തിയായി കിടക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ ഈ ഗുരുതരമായ സുരക്ഷാവീഴ്ച യാത്രക്കാർക്കിടയിൽ കടുത്ത ഭീതിക്ക് കാരണമായിട്ടുണ്ട്. 

അടുത്തയിടെ മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ നടന്ന രണ്ട് ക്രൂരമായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ വീഴ്ച പുറത്തുവന്നത്. രണ്ട് സംഭവങ്ങളിലും പ്രതികൾ യാതൊരുവിധ തടസ്സവുമില്ലാതെ മാരകായുധങ്ങൾ ബാഗുകളിൽ ഒളിപ്പിച്ചു റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അതിഭീമമായ യാത്രക്കാരുടെ തിരക്ക് കാരണം എല്ലാ യാത്രക്കാരെയും ഒരേപോലെ പരിശോധിക്കുന്നത് പ്രായോഗികമല്ലെന്നാണ് റെയിൽവേ അധികൃതരുടെ വാദം. സംഭവത്തെത്തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (RPF) ഗവൺമെന്റ് റെയിൽവേ പൊലീസും (GRP) ചേർന്ന് കോച്ചുകൾക്കുള്ളിലെ അപ്രതീക്ഷിത പരിശോധനകളും മാനുവൽ ബാഗ് പരിശോധനയും നിലവിൽ ശക്തമാക്കിയിട്ടുണ്ട്. 

​6 മാസം നിശ്ചലമായി 27 ലക്ഷത്തിന്റെ സ്‌കാനർ!
സുരക്ഷാ ഉപകരണങ്ങൾ തകരാറിലാകുകയോ അവ ശബ്ദം പുറപ്പെടുവിച്ചിട്ടും നടപടി എടുക്കാതിരിക്കുകയോ ചെയ്താൽ പിന്നെ ഇത്തരം സംവിധാനങ്ങൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് യാത്രാ അവകാശ പ്രവർത്തകൻ സമീർ സവേരി വ്യക്തമാക്കി. അദ്ദേഹം സമർപ്പിച്ച വിവരാവകാശ നിയമ (RTI) അപേക്ഷ പ്രകാരം മുംബൈ സെൻട്രൽ റെയിൽവേ ടെർമിനസിലെ ബാഗേജ് സ്‌കാനർ മാത്രം തുടർച്ചയായി 180 ദിവസങ്ങളാണ് (2025 ജൂലൈ 17 മുതൽ 2026 ജനുവരി 30 വരെ) പ്രവർത്തനരഹിതമായി കിടന്നത്. 27 ലക്ഷം രൂപ വിലയുള്ളതും 21 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി കരാർ ഉള്ളതുമായ മെഷീനാണ് ആറുമാസത്തോളം നന്നാക്കാതിരുന്നതെന്നും സവേരി ചൂണ്ടിക്കാണിച്ചു. നിലവിൽ ആകെ എത്ര സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്നോ അതിൽ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ടെന്നോ ഉള്ള കൃത്യമായ കണക്കുകൾ പോലും റെയിൽവേ അധികൃതരുടെ പക്കലില്ല. റിപ്പോർട്ടർ മേഘ കുചിക് ആണ് ഈ വാർത്ത പുറത്തുവിട്ടത്.

You may also like