മഹാരാഷ്ട്രയിൽ പ്രളയഭീതി; 17 എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു, എസ്‌ഡിആർഎഫ് സജ്ജം; ഉരുൾപൊട്ടലിലും പ്രളയത്തിലും ജനജീവിതം സ്തംഭിച്ചു

by WhatsUp Mumbai

മുംബൈ: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും വിനാശകരമായ പ്രളയവുമുണ്ടായ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കനത്ത ജാഗ്രത. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) 17 അത്യാധുനിക സംഘങ്ങളെ വിവിധ ദുരന്തബാധിത മേഖലകളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതിന് പുറമെ സംസ്ഥാന ദുരന്ത പ്രതികരണ സേനയെയും (SDRF) പൂർണ്ണ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്.

തുടർച്ചയായി പെയ്യുന്ന കനത്ത മഴ മൂലം നഗര-ഗ്രാമ വ്യത്യാസമില്ലാതെ പലയിടങ്ങളും വെള്ളത്തിനടിയിലാവുകയും ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലകളിൽ പലയിടത്തും വലിയ തോതിൽ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.

സാഹചര്യം വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്  എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുകയോ യാത്രകൾ ചെയ്യുകയോ അരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സാഹചര്യം 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

You may also like