മുംബൈ: ചെമ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ശ്രീനാരായണ ഗുരു സഹകരണ ബാങ്ക് രജത ജൂബിലി ആഘോഷങ്ങളിലേക്ക്. കുർള കോഹിന്നൂർ എലൈറ്റിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീ നാരായണ മന്ദിര സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ നിർവഹിച്ചു.
സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ബാങ്ക്, ആ ലക്ഷ്യം നിറവേറ്റുന്നതിൽ വിജയിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് എം.ഐ. ദാമോദരൻ ഓർമ്മിപ്പിച്ചു. ഏതൊരു ധനകാര്യ സ്ഥാപനത്തിന്റെയും നിലനിൽപ്പ് നിക്ഷേപകന്റെ വിശ്വാസ്യതയിലാണ്. ഈ വിശ്വാസ്യതയ്ക്ക് ഒട്ടും മങ്ങലേൽക്കാതിരിക്കാൻ നാം എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷ വർഷത്തിൽ ബാങ്കിന്റെ നിക്ഷേപം 1000 കോടി രൂപയായി ഉയർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബാങ്ക് ചെയർമാൻ പി.ബി. രാജ്മോഹൻ വ്യക്തമാക്കി. ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പദവിയിലേക്ക് ഉയർത്തുക, ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുക, പുതിയ ശാഖകൾ ആരംഭിക്കുക തുടങ്ങിയ വൻ പദ്ധതികളാണ് രജത ജൂബിലി വർഷത്തിൽ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട സ്ഥാപകരായ ഡോ. കെ.കെ. ദാമോദരൻ, ബാബുരാജ്, എ.കെ. വാസുദേവൻ എന്നിവരുടെ വിലയേറിയ സേവനങ്ങളെ സമ്മേളനം ആദരവോടെ അനുസ്മരിച്ചു.
2002-ൽ ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ബാങ്കിന് ഇന്ന് 6 ശാഖകളുണ്ട്. ഓഹരിയുടമകളുടെ എണ്ണം 4800-ലധികമായി വർദ്ധിപ്പിക്കാനും ബാങ്കിന് സാധിച്ചിട്ടുണ്ട്. പത്തു വർഷത്തെ മികച്ച സേവനത്തിന് ശേഷം ഭരണസമിതിയിൽ നിന്നും വിരമിക്കുന്ന ചെയർമാൻ പി.ബി. രാജ്മോഹൻ, ഡയറക്ടർ കെ.കെ. സുസ്മേരൻ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ബാങ്ക് ഡയറക്ടർമാർ, ജീവനക്കാർ, ഓഹരിയുടമകൾ, ഉപഭോക്താക്കൾ തുടങ്ങി വൻ ജനപങ്കാളിത്തമാണ് ചടങ്ങിൽ ദൃശ്യമായത്.