കടൽത്തീരങ്ങളിൽ പോകരുത്, വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്; അടിയന്തര സാഹചര്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്ന് കനത്ത മഴ മുന്നറിയിപ്പുമായി ബിഎംസി

by WhatsUp Mumbai

മുംബൈ: മഹാനഗരത്തിൽ വരും മണിക്കൂറുകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തുടർന്ന് മുംബൈയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യമില്ലെങ്കിൽ പൊതുജനങ്ങൾ ആരും തന്നെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) കർശന നിർദേശം നൽകി.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ, മരങ്ങൾ, ഹോർഡിംഗുകൾ, വൈദ്യуത പോസ്റ്റുകൾ എന്നിവയ്ക്ക് സമീപം നിൽക്കരുത്. വാഹനങ്ങൾ യാതൊരു കാരണവശാലും മരങ്ങൾക്ക് ചുവട്ടിൽ പാർക്ക് ചെയ്യരുത്. ബീച്ചുകൾ സന്ദർശിക്കുന്നതും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വ്യാജ വാർത്തകളിലും കിംവദന്തികളിലും ജനങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും ബിഎംസി അഭ്യർത്ഥിച്ചു. കോർപ്പറേഷൻ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും കൃത്യമായ ഇടവേളകളിൽ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അടിയന്തര സഹായങ്ങൾക്കായി പൊതുജനങ്ങൾക്ക് ബിഎംസിയുടെ ഹെൽപ്പ് ലൈൻ നമ്പറായ ‘1916’-ൽ ബന്ധപ്പെടാം.

പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ വിപുലമായ സജ്ജീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. ബിഎംസിയുടെ പതിനയ്യായിരത്തോളം (15,000) ജീവനക്കാരും ഉദ്യോഗസ്ഥരും മറ്റ് അനുബന്ധ ഏജൻസികളും 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

You may also like