റായ്ഗഡ് : കേരളത്തിലെ അതിഥി തൊഴിലാളികളുടെ ദിവസക്കൂലി നിജപ്പെടുത്തണമെന്നും മുംബൈയിലെ പ്രവാസികൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്) കേരള മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി.മൂന്ന് പ്രധാന ആവശ്യങ്ങളാണ് പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മലയാളി സംഘടന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്.
വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ ടീമിനും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ടാണ് കെ.സി.എസ് ഭാരവാഹികൾ നിവേദനം സമർപ്പിച്ചത്.
നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്.
മുംബൈ വാഷിയിലുള്ള കേരള ഹൗസിൽ പ്രവാസി മലയാളികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ നോർക്ക (NORKA) ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ഉദ്യോഗസ്ഥരുടെ തുടർച്ചയായ സ്ഥലംമാറ്റം പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു. ഒരു ഡെവലപ്മെന്റ് ഓഫീസറും അദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റും മാത്രമാണ് ഈ വകുപ്പിലുള്ളത്. ഇവിടെ ഡെപ്യൂട്ടേഷനിൽ എത്തുന്ന ഡെവലപ്മെന്റ് ഓഫീസർമാർ ആറുമാസമോ ഒരു വർഷമോ ആകുമ്പോഴേക്കും സ്ഥലംമാറ്റം വാങ്ങി നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകുന്നത് പ്രവാസികൾക്കും പിന്നീട് വരുന്ന പുതിയ ഓഫീസർമാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനാൽ തുടർച്ചയായി 5 വർഷത്തേക്ക് ഒരു നോർക്ക ഡെവലപ്മെന്റ് ഓഫീസറെ ഇവിടെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.എസ് ആവശ്യപ്പെട്ടു.
വാഷി കേരള ഹൗസിൽ പ്രവർത്തിക്കുന്ന കാന്റീന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും നിവേദനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ കാന്റീന്റെ നടത്തിപ്പിനായി ടെൻഡർ വിളിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള കോൺട്രാക്ടർമാർക്ക് നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. കൂടാതെ, ഇതുവരെ ഈ കാന്റീൻ നടത്തിപ്പിലൂടെ ഗവണ്മെന്റിലേക്ക് എന്തെങ്കിലും തുക വരുമാനമായി കിട്ടിയിട്ടുണ്ടോ എന്നുകൂടി അധികൃതർ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും കെ.സി.എസ് ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
കേരളത്തിലെ അതിഥി തൊഴിലാളികളുടെ വേതനം സംബന്ധിച്ചുള്ളതാണ് മൂന്നാമത്തെ പ്രധാന ആവശ്യം. കേരളത്തിൽ ഇപ്പോൾ എല്ലാ ജോലികളും ചെയ്യുന്നത് അതിഥി തൊഴിലാളികളാണ്. ഇവർ പല സ്ഥലങ്ങളിലും പല രീതിയിലാണ് ദിവസക്കൂലി വാങ്ങുന്നത്. 1000 രൂപ മുതൽ 1500 രൂപ വരെ പലരിൽ നിന്നും ഇവർ ഈടാക്കുന്നുണ്ട്. പ്രവാസികളായ തങ്ങൾക്ക് കേരളത്തിലെ കൃത്യമായ വേതന നിരക്ക് അറിയാത്തതുകൊണ്ട് നിരന്തരം പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഈ അപേക്ഷയെന്ന് സംഘടന വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ വേതന വിവര പട്ടിക പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാറുണ്ട്. അതുപോലെ കേരളത്തിലും അതിഥി തൊഴിലാളികളുടെ ഉയർന്ന ദിവസവേതനം 750 രൂപയായി നിജപ്പെടുത്തണം. ഈ വേതന നിരക്ക് എല്ലാ വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ബോർഡ് എഴുതി പരസ്യമായി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി.എസ് ഭാരവാഹികൾ അറിയിച്ചു. കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന് വേണ്ടി പ്രസിഡന്റ് മനോജ്കുമാർ എം.സ്. (ഫോൺ: 9967327424), സെക്രട്ടറി മുരളി കെ. നായർ (ഫോൺ: 932492911 3) എന്നിവരാണ് മുഖ്യമന്ത്രിക്ക് ഈ നിവേദനം നൽകിയത്.