മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മന്ത്രി ഗിരീഷ് മഹാജൻ

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അഭ്യർത്ഥിച്ചു. ജൂലൈ 4, 5 തീയതികളിൽ മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിലും പൂനെ, സത്താറ എന്നിവിടങ്ങളിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മന്ത്രി നിർദ്ദേശിച്ചത്. മുംബൈയിലെ പല ഭാഗങ്ങളിലും ഇതിനകം തന്നെ 160 മുതൽ 200 മില്ലിമീറ്റർ വരെ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡുകളിൽ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രക്ഷാസേനകൾ സജ്ജം; വിനോദസഞ്ചാര യാത്രകൾ ഒഴിവാക്കുക

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഭരണകൂടം പൂർണ്ണ സജ്ജമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ 16 എൻ.ഡി.ആർ.എഫ് (NDRF) ടീമുകളെയും 6 എസ്.ഡി.ആർ.എഫ് (SDRF) ടീമുകളെയും വിന്യസിച്ചു. സാഹചര്യം വിലയിരുത്തി വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധി നൽകാൻ ജില്ലാ കളക്ടർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. മുംബൈയിലെ ചെമ്പൂരിൽ മരം വീണ് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രി ദുഃഖം രേഖപ്പെടുത്തി.

വെള്ളത്തിനടിയിലായ റോഡുകളിലൂടെയോ പാലങ്ങളിലൂടെയോ വാഹനങ്ങൾ ഓടിക്കരുതെന്നും സെൽഫിയെടുക്കാനും മറ്റും മുതിർന്ന് ജീവൻ അപകടത്തിലാക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വെള്ളച്ചാട്ടങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

You may also like