​’ആർദ്ര നിലാവ്’ അണിയറയിൽ ഒരുങ്ങുന്നു; ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആദ്യ നാടകത്തിന് ജൂലൈ 4-ന് തിരിതെളിയും

by WhatsUp Mumbai

നവി മുംബൈ: നവി മുംബൈയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ പ്രമുഖ മലയാളി സമാജം ന്യൂ ബോംബെ കൾച്ചറൽ സെന്റർ (NBCC) ഒരിടവേളയ്ക്ക് ശേഷം പുതിയ നാടകസംരംഭത്തിന് തുടക്കം കുറിക്കുന്നു. സമാജം അവതരിപ്പിക്കുന്ന ‘ആർദ്ര നിലാവ്’ എന്ന നാടകത്തിന്റെ ഔദ്യോഗിക പൂജാ ചടങ്ങുകൾ 2026 ജൂലൈ 4-ന് വൈകിട്ട് 7 മണിക്ക് നടക്കും.

കോപ്പർഖൈർണെയിലുള്ള ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളാണ് ഈ സവിശേഷ ചടങ്ങിന് വേദിയാകുന്നത്. പ്രവീൺ ആന്റോയാണ് ഈ നാടകത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. കലകളെയും കലാകാരന്മാരെയും എക്കാലത്തും പ്രോത്സാഹിപ്പിച്ചു പോന്നിട്ടുള്ള ന്യൂ ബോംബെ കൾച്ചറൽ സെന്റർ, നിരവധി സാംസ്കാരിക പരിപാടികൾക്ക് പുറമെ നാടക ക്യാമ്പുകളും ശില്പശാലകളും നിരന്തരമായി സംഘടിപ്പിച്ചു പോരുന്ന സംഘടനയാണ്. അതിന്റെ തുടർച്ചയെന്നോണമാണ് ഈ പുതിയ നാടകവും അണിയറയിൽ ഒരുങ്ങുന്നത്.

മികച്ച നാടക നടന്മാരും നടിമാരും സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖ വ്യക്തികളും ഈ പൂജാ ചടങ്ങിൽ പങ്കാളികളാകും. നാടകത്തിന്റെ വിജയകരമായ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ താല്പര്യമുള്ള ഏവർക്കും ചടങ്ങിലേക്ക് സ്വാഗതം ആശംസിക്കുന്നതായി സംഘാടകർ അറിയിച്ചു.

You may also like