മുംബൈ: കനത്ത മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ച് മുംബൈ നഗരവും കൊങ്കൺ തീരങ്ങളും. കഴിഞ്ഞ 48 മണിക്കൂറായി നിർത്താതെ പെയ്യുന്ന പേമാരിയിൽ മഹാനഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ 11 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ക്രമാതീതമായി വെള്ളമുയർന്നതോടെ പൻവേൽ, പാൽഘർ, റായ്ഗഡ് എന്നീ മേഖലകളിലെ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മുംബൈയ്ക്ക് പുറമെ അതിന്റെ പ്രാന്തപ്രദേശങ്ങളായ താനെ, കല്യാൺ ഡോംബിവ്‌ലി, നവി മുംബൈ, പൻവേൽ, റായ്ഗഡ്, പാൽഘർ എന്നിവടങ്ങളിലും കൊങ്കൺ മേഖലയിലാകെയും കഴിഞ്ഞ രണ്ടു ദിവസമായി അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. പലയിടങ്ങളിലും മഴയുടെ ശക്തി മാറിമറിയുന്നുണ്ടെങ്കിലും ജനജീവിതം ദുസ്സഹമായിക്കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
പെരുമഴയെത്തുടർന്ന് നഗരത്തിലെ റെയിൽ ഗതാഗതവും താറുമാറായി. പ്രമുഖ ട്രെയിനുകളായ തുരന്തോ എക്സ്പ്രസ്, മാണ്ഡോവി എക്സ്പ്രസ്, തേജസ് എക്സ്പ്രസ് എന്നിവയുടെ സമയക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുംബൈയിലെ ജീവനനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകളും വെള്ളക്കെട്ടുകാരണം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.