മുംബൈയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ; പ്രമുഖ നടിമാരെ കെണിയിലാക്കിയത് മേക്കപ്പ് ആർട്ടിസ്റ്റ്!

by WhatsUp Mumbai

​മുംബൈ: മുംബൈ ഗിർഗാവിലെ പ്രമുഖ ഹോട്ടലിൽ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് 4 നടത്തിയ മിന്നൽ പരിശോധനയിലാണ് പെൺവാണിഭ സംഘം പിടിയിലായത്. സിനിമ-സീരിയൽ രംഗത്തെ രണ്ട് പ്രമുഖ നടിമാരെ പോലീസ് ഇവിടെ നിന്നും രക്ഷപെടുത്തി. നടിമാരെ പെൺവാണിഭത്തിലേക്ക് തള്ളിവിട്ട വനിതാ മേക്കപ്പ് ആർട്ടിസ്റ്റിനെ പോലീസ് സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു. നടിമാരെ ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപയ്ക്കാണ് സംഘം ഇടപാടുകാർക്ക് കൈമാറിയിരുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ്  പുറത്തുവരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗിർഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കസ്റ്റമർമാരെന്ന വ്യാജേനയാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് രണ്ട് നടിമാർക്കുമായി ഓരോ ലക്ഷം രൂപ വീതം ആകെ രണ്ട് ലക്ഷം രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചത്. പണമിടപാട് നടത്തി നടിമാരെ ഹോട്ടലിൽ എത്തിച്ചതിന് പിന്നാലെ പോലീസ് സംഘം റെയ്ഡ് നടത്തി പ്രതിയെ വലയിലാക്കുകയായിരുന്നു.

രക്ഷപെടുത്തിയ നടിമാരിൽ ഒരാൾ പ്രമുഖ മറാത്തി നടിയും, രണ്ടാമത്തെയാൾ ബോളിവുഡ് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന ബംഗാളി നടിയുമാണ്. നടിമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് വൻ തുക വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആർട്ടിസ്റ്റ് ഇവരെ ഈ കെണിയിൽ വീഴ്ത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

You may also like