വോട്ടർ പട്ടിക പുതുക്കൽ: മുംബൈയിൽ ഇന്നുമുതൽ വീടുകയറിയുള്ള വോട്ടർമാരുടെ വിവരശേഖരണം

by WhatsUp Mumbai

മുംബൈ: രാജ്യത്തെ വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനായുള്ള പ്രത്യേക വോട്ടർപട്ടിക പുതുക്കൽ തീവ്രയജ്ഞത്തിന്റെ (SIR) ഭാഗമായി മുംബൈയിൽ ഇന്നുമുതൽ വീടുകയറിയുള്ള വിവരശേഖരണം ആരംഭിക്കും. മുംബൈ സിറ്റി, മുംബൈ സബർബൻ ജില്ലകളിലെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നേരിട്ടെത്തിയാണ് ജൂൺ 30 മുതൽ ജൂലൈ 29 വരെ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുക.

ഈ പ്രക്രിയ വിജയകരമാക്കാൻ പൗരന്മാർ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് മുംബൈ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ബിഎംസി (BMC) കമ്മീഷണറുമായ അശ്വിനി ഭിഡെ അഭ്യർത്ഥിച്ചു.

വീടുകളിലെത്തുന്ന ഉദ്യോഗസ്ഥർ നൽകുന്ന വിവരശേഖരണ ഫോമുകൾ വോട്ടർമാർ പൂരിപ്പിച്ചു നൽകണം. മുൻപ് വോട്ടർപട്ടികയിൽ പേരുള്ളവർ ആ വിവരങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. പുതുതായി പേര് ചേർക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, റസിഡൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളിലൊന്നും പാസ്‌പോർട്ട് സൈസ് ഫോട്ടോയും കരുതണം. സംശയങ്ങൾക്കും സഹായങ്ങൾക്കുമായി വോട്ടർമാർക്ക് 1800 22 1850 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You may also like