മുംബൈ: മുംബൈ മഹാനഗരത്തിലെ ലക്ഷക്കണക്കിന് വരുന്ന വഴിയോരക്കച്ചവടക്കാരുടെ ജീവിതത്തിൽ പുതിയൊരു ചരിത്രം കുറിച്ച് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) നിർണായക നടപടി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരുവ് വ്യാപാരികൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകുന്ന ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളുടെ (QR Code ID Cards) വിതരണം ബിഎംസി ആരംഭിച്ചു. നൂറുകണക്കിന് കച്ചവടക്കാർക്കാണ് ആദ്യഘട്ടത്തിൽ ഈ സ്മാർട്ട് കാർഡുകൾ ലഭിച്ചുതുടങ്ങിയത്. ഇതോടെ ഭയമില്ലാതെ, സമാധാനപരമായി തങ്ങളുടെ ഉപജീവനമാർഗ്ഗം തുടരാൻ ഇവർക്ക് സാധിക്കും.
ഈ വിപ്ലവകരമായ മാറ്റത്തിന് പിന്നിൽ മുംബൈയിലെ മലയാളി സാമൂഹിക പ്രവർത്തകനും ‘ബോംബെ ഹോകേർഴ്സ് അസോസിയേഷൻ’ ജനറൽ സെക്രട്ടറിയുമായ ഷംനാസ് പി. യുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണുള്ളത്. വഴിയോരക്കച്ചവടക്കാരുടെ അവകാശങ്ങൾക്കായി ഷംനാസ് കോടതികളിൽ നടത്തിയ സന്ധിയില്ലാത്ത ഇടപെടലുകളാണ് ഒടുവിൽ ബിഎംസിയെ ഇത്തരമൊരു ചരിത്രപരമായ തീരുമാനത്തിലേക്ക് എത്തിച്ചത്.
ഓരോ ദിവസത്തെയും വരുമാനം കൊണ്ട് മാത്രം കുടുംബം പോറ്റുന്ന സാധാരണക്കാരായ മനുഷ്യരുടെ നിസ്സഹായാവസ്ഥ നേരിൽ കണ്ട മുംബൈ മലയാളി കൂടിയായ ഷംനാസ്, അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകാൻ കാണിച്ച നിശ്ചയദാർഢ്യത്തിന്റെ വിജയമാണിത്.
ഇതേക്കുറിച്ച് ഷംനാസ് കെ. പ്രതികരിച്ചത് ഇങ്ങനെ: “ഒരുപാട് കാലത്തെ കഠിനമായ പരിശ്രമത്തിന് ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ഇന്ന് മുംബൈയിലെ വഴിയോരക്കച്ചവടക്കാർക്ക് മുനിസിപ്പാലിറ്റി ഔദ്യോഗിക അംഗീകാരം നൽകി ഐഡി കാർഡുകൾ വിതരണം ചെയ്യുമ്പോൾ വാക്കുകൾക്ക് അതീതമായ സന്തോഷമുണ്ട്. ഓരോ ദിവസവും കച്ചവടം ചെയ്താൽ മാത്രമേ പട്ടിണിയില്ലാതെ കഴിയാൻ പറ്റൂ എന്നുള്ള സാധാരണക്കാരുടെ നിസ്സഹായാവസ്ഥ മാറ്റിയെടുക്കാനാണ് ഞാൻ പോരാടിയത്. ഒരു മുംബൈ മലയാളി എന്ന നിലയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എക്കാലവും മുന്നിലുണ്ടാകും. ബോംബെ ഹോക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ അവരുടെ കൂടെ എന്നും എപ്പോഴും എന്തിനും ഞാൻ ഉണ്ടാകും.
കോടതി ഉത്തരവ് ബിഎംസി നടപ്പിലാക്കാൻ തുടങ്ങിയതോടെ കോർപ്പറേഷൻ ഉദ്യോഗസ്ഥരിൽ നിന്നോ പൊലീസിൽ നിന്നോ ഉള്ള അനാവശ്യമായ ഒഴിപ്പിക്കലുകളിൽ നിന്നും പീഡനങ്ങളിൽ നിന്നും വഴിയോരക്കച്ചവടക്കാർക്ക് ശാശ്വതമായ പരിഹാരമാകും. ഈ ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വ്യാപാരിയുടെ കൃത്യമായ വിവരങ്ങളും കച്ചവടം ചെയ്യാനുള്ള ഔദ്യോഗിക അനുമതിയും ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. മുംബൈയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയൊരു സാമൂഹിക മാതൃകയായി മാറുകയാണ് മലയാളി ഇടപെടലിലൂടെ യാഥാർത്ഥ്യമായ ഈ ‘ക്യുആർ കോഡ്’ വിപ്ലവം.