മുംബൈ: മഹാനഗരത്തെ നടുക്കി കൂട്ടക്കൊലപാതക ശ്രമം. മുഹറം ഘോഷയാത്രയ്ക്കിടെ ജനങ്ങൾക്ക് മാരകമായ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. ദക്ഷിണ മുംബൈയിലെ ബൈക്കുള പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന സംഭവം. ഫയാസ് പ്രേംജി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് വേദനസംഹാരി എന്ന വ്യാജേന ഇയാൾ ഗുളികകൾ വിതരണം ചെയ്യുന്നത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നി ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് വിതരണം ചെയ്തത് മാരകവിഷം അടങ്ങിയ ക്യാപ്സൂളുകളാണെന്ന് കണ്ടെത്തിയത്. അതിവേഗം മരണം സംഭവിക്കാവുന്ന സിങ്ക് ഫോസ്ഫൈഡ് (Zinc Phosphide) എന്ന എലിവിഷമാണ് ഇയാൾ ഗുളികകൾക്കുള്ളിൽ നിറച്ചിരുന്നത്.
ഘോഷയാത്ര ലക്ഷ്യമിട്ടാണ് താൻ എത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വൻ ദുരന്തം വിതയ്ക്കാൻ ലക്ഷ്യമിട്ട് ഇയാൾ 50 കിലോഗ്രാം സിങ്ക് ഫോസ്ഫൈഡും 30,000 ശൂന്യമായ ക്യാപ്സൂളുകളും ശേഖരിച്ചിരുന്നു. ഇതിൽ നിന്നും തയ്യാറാക്കിയ പതിനാലായിരത്തിലധികം (14,900) വിഷഗുളികകൾ വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ പൊലീസിന് പിടിച്ചെടുക്കാനായി.
വയറ്റിലെത്തിയാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം പെട്ടെന്ന് തകരാറിലാക്കുന്ന മാരകമായ ഫോസ്ഫീൻ വാതകം പുറപ്പെടുവിക്കുന്ന വിഷവസ്തുവാണ് സിങ്ക് ഫോസ്ഫൈഡ്. പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലമാണ് മുംബൈയിൽ നടക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.