മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NMIA) നിന്നുള്ള രാജ്യാന്തര സർവീസുകൾ ജൂലൈ 15 മുതൽ ആരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് ഇവിടുത്തെ കന്നി വിദേശ സർവീസിന് തുടക്കമിടുന്നത്. യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്കാണ് ആദ്യ വിമാനം പറന്നുയരുക.
കഴിഞ്ഞ വർഷം ഡിസംബർ 25-ന് ആഭ്യന്തര സർവീസുകൾ തുടങ്ങിയ ഈ ഗ്രീൻഫീൽഡ് വിമാനത്താവളം, മുംബൈ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. പുതിയ രാജ്യാന്തര സർവീസ് വിമാനത്താവളത്തിന്റെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകും.
ആദ്യ ഘട്ടത്തിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണുണ്ടാവുക. തുടർന്ന് ജൂലൈ 29 മുതൽ ഞായറാഴ്ചകളിൽ കൂടി ഉൾപ്പെടുത്തി സർവീസുകൾ ആഴ്ചയിൽ മൂന്നായി ഉയർത്തും. അബുദാബി റൂട്ട് കൂടി ആരംഭിക്കുന്നതോടെ നവി മുംബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ആകെ പ്രതിവാര സർവീസുകൾ 30 ആയി ഉയരും.