മുംബൈ: പാകിസ്താൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം ലംഘിച്ച് മുംബൈയിൽ പാക് നിർമ്മിത സൗന്ദര്യവർദ്ധക ക്രീം വിറ്റ കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്പൂരിലെ റീട്ടെയിൽ സ്ഥാപന ഉടമ സഞ്ജയ് ഷാ എന്നയാൾക്കെതിരെയാണ് മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്.
രഹസ്യ വിവരത്തെത്തുടർന്ന് കടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ‘മെയ്ഡ് ഇൻ പാകിസ്താൻ’ എന്ന് രേഖപ്പെടുത്തിയ ‘ഗോരി ബ്യൂട്ടി ക്രീം’ (Goree Beauty Cream) പോലീസ് പിടിച്ചെടുത്തു. വിപണിയിൽ 499 രൂപ വിലയുള്ള അഞ്ച് ക്രീം ട്യൂബുകളാണ് പിടിച്ചെടുത്തത്.
ക്രോഫോർഡ് മാർക്കറ്റിൽ നിന്നാണ് താൻ ഈ ഉൽപ്പന്നം വാങ്ങിയതെന്നാണ് സഞ്ജയ് ഷാ മൊഴി നൽകിയത്. എന്നാൽ സാധുവായ ബില്ലുകളോ ഇറക്കുമതി രേഖകളോ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ ഉത്തരവ് ലംഘിച്ചതിനും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരവുമാണ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്.