മനുഷ്യരെ ഹിംസയിൽനിന്ന് മനുഷ്യത്വത്തിലേക്ക് നയിക്കുകയാകണം സാഹിത്യത്തിന്റെ ലക്ഷ്യം”: ഡോംബിവ്‌ലി തുഞ്ചൻ സാഹിത്യോത്സവത്തിൽ ടി.ഡി. രാമകൃഷ്ണൻ

by admin

ഡോംബിവ്‌ലി: മനുഷ്യരെയെല്ലാം ഹിംസയിൽനിന്ന് മനുഷ്യത്വത്തിലേക്ക് നയിക്കുക എന്നതായിരിക്കണം സാഹിത്യത്തിന്റെ ലക്ഷ്യവും ധർമ്മവുമെന്ന് പ്രമുഖ സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. ഡോംബിവ്‌ലി കേരളീയസമാജം സംഘടിപ്പിച്ച തുഞ്ചൻസ്‌മാരക സാഹിത്യോത്സവം-2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങൾക്ക് മുൻപുള്ള സാഹിത്യരചനകൾ വായിക്കുന്നതിനു പുറമെ പുതിയ കാലത്തെ വായനക്കാരോടുകൂടി സംവദിക്കുമ്പോഴാണ് ഒരാൾ പുതിയ കാലത്തിന്റെ എഴുത്തുകാരനാകുന്നത്. കാലത്തിനു മുൻപേ സഞ്ചരിക്കുന്നവനാണ് എഴുത്തുകാരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന സമ്മേളനത്തിൽ സമാജം പ്രസിഡന്റ് ഇ.പി. വാസു അധ്യക്ഷത വഹിച്ചു.

പ്രഥമ തുഞ്ചൻ സ്മാരക പുരസ്കാരം സമർപ്പിച്ചു

മലയാളഭാഷയിലെ നവഭാവുകത്വത്തെക്കുറിച്ച് കവിയും പ്രഭാഷകനും മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സമാജം പുതുതായി ഏർപ്പെടുത്തിയ പ്രഥമ തുഞ്ചൻ സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്റെ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിന് അദ്ദേഹം സമർപ്പിച്ചു. 25,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന്, ‘സമൂഹനിർമ്മിതിയിൽ സാഹിത്യത്തിനുള്ള പങ്ക്’ എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകൻ വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി.

​ചിന്തോദ്ദീപകമായി സെമിനാറും സാഹിത്യചർച്ചയും

സമകാലിക സാഹിത്യത്തിന്റെ ദിശകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ‘നഗരസാഹിത്യം-കാലം, പ്രമേയം, ഭാവുകത്വം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിന് മാധ്യമപ്രവർത്തകൻ എം.ജി. അരുൺ നേതൃത്വം നൽകി. സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ കെ. രാജൻ പരിപാടിയുടെ അവതാരകനായി. നോവലിസ്റ്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാഹിത്യചർച്ച എഴുത്തുകാരനും നിരൂപകനുമായ സന്തോഷ് പല്ലശ്ശേന ഉദ്ഘാടനം ചെയ്തു. ഈ വേദിയിൽ അമ്പിളി കൃഷ്ണകുമാർ, ജോയ് ഗുരുവായൂർ നെല്ലുവായ്, അജിത് ശങ്കരൻ, ഇ. ഹരിനാഥ്, പി.ഡി. ബാബു, ടി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ആദരമർപ്പിച്ച് സാംസ്കാരിക സദസ്സ്

മുംബൈയിലെ മുതിർന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ബാലകൃഷ്ണനെയും പ്രമുഖ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ പി.ആർ. കൃഷ്ണനെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

സമാജം ജനറൽ സെക്രട്ടറി രാജശേഖരൻനായർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഇ.പി. വാസു, ചെയർമാൻ വർഗീസ് ഡാനിയൽ, വൈസ് പ്രസിഡന്റ് എം.ബി. സുരേന്ദ്രൻനായർ, എജ്യുക്കേഷൻ സെക്രട്ടറി ഡോ. എം. ഭാസ്കരൻ, ട്രഷറർ മനോജ്നായർ എന്നിവർ സംസാരിച്ചു. ആർ. നാരായണൻകുട്ടി ചടങ്ങുകൾ നിയന്ത്രിക്കുകയും കലാ-സാംസ്കാരിക വിഭാഗം സെക്രട്ടറി കെ.കെ. സുരേഷ്ബാബു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

You may also like