ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്മാറ്റമില്ല’; മുംബൈയിൽ ചക്രമുരുളാതെ ബെസ്റ്റ് ബസുകൾ, വലഞ്ഞ് ജനങ്ങൾ

by admin

മുംബൈ: ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ബൃഹന്മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST) ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മുംബൈ നഗരത്തെ പൂർണ്ണമായി നിശ്ചലമാക്കി. വെള്ളിയാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച പണിമുടക്കിൽ നഗരത്തിലെ 27 പ്രധാന ഡിപ്പോകളിൽ നിന്നുള്ള ബസ് സർവീസുകൾ തടസ്സപ്പെട്ടു. കനത്ത തിരക്കുള്ള സമയത്ത് ബസുകൾ കിട്ടാതെ ഓഫീസ് ജീവനക്കാരടക്കം ലക്ഷക്കണക്കിന് യാത്രക്കാരാണ് കടുത്ത യാത്രാക്ലേശം നേരിട്ടത്.

​സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ ഡിപ്പോകളിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വ്യവസായ കോടതിയുടെ (Industrial Court) വിലക്കും അവശ്യസേവന നിയമമായ ‘മെസ്മ’യും (MESMA) കാറ്റിൽപ്പറത്തിയാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.

​ബെസ്റ്റ് സംയുക്ത കാംഘർ കൃതി സമിതി (BEST Sanyukt Kamgar Kruti Samiti) എന്ന 12 യൂണിയനുകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ബെസ്റ്റ് ബജറ്റ് കോർപ്പറേഷൻ (BMC) ബജറ്റുമായി ലയിപ്പിക്കുക, ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, വിരമിച്ചവരുടെ ആനുകൂല്യങ്ങൾ തീർപ്പാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

വർഷങ്ങളായി തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അധികൃതർ അവഗണിക്കുകയാണെന്ന് ബെസ്റ്റ് തൊഴിലാളി യൂണിയൻ നേതാവ് രംഗനാഥ് സതാവസെ കുറ്റപ്പെടുത്തി. 2022 മുതൽ വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും, ഡിപ്പോകൾ ലേലത്തിന് നൽകി ബെസ്റ്റിന്റെ നിലനിൽപ്പ് അപകടത്തിലാക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പ്രതിദിനം 25 ലക്ഷത്തോളം യാത്രക്കാരാണ് മുംബൈയുടെ ലൈഫ് ലൈനായ ബെസ്റ്റ് ബസുകളെ ആശ്രയിക്കുന്നത്. അതേസമയം, ശ്രമിക് ഉത്കർഷ് സഭയും ബെസ്റ്റ് കാംഘർ യൂണിയനും ഈ സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

You may also like