മുംബൈ: ശിവസേന (UBT) വിഭാഗത്തിലെ 6 ലോക്സഭാ എംപിമാർ പാർട്ടി വിട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. ജയ്പൂരിലെ ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കാൻ അനുമതി തേടിയുള്ള കത്ത് എംപിമാർ കൈമാറി. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (9-ൽ 6 എംപിമാർ) ഉറപ്പാക്കിയാണ് ഈ നീക്കം.
ഉദ്ധവ് വിഭാഗം കോൺഗ്രസിൽ ലയിക്കുമെന്ന ഭീതിയാണ് തീരുമാനത്തിന് പിന്നിലെന്ന് എംപിമാർ കത്തിൽ ആരോപിക്കുന്നു. സഞ്ജയ് ജാദവ് (Sanjay Jadhav) നേതൃത്വം നൽകുന്ന വിമത ഗ്രൂപ്പിൽ സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അസ്തികർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ദിനാ പാട്ടീൽ,എന്നിവരാണുള്ളത്.
അതേസമയം, കൂറുമാറ്റത്തിന് പിന്നിൽ കോടികളുടെ പണമിടപാടാണെന്ന് രാജ്യസഭാ എംപി സഞ്ജയ് റാവത്ത് ആരോപിച്ചു. കോൺഗ്രസ് ലയനവാദം അസംബന്ധമാണെന്ന് അരവിന്ദ് സാവന്ത് വ്യക്തമാക്കിയപ്പോൾ, വിമതർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനിൽ ദേശായി അറിയിച്ചു.