മുംബൈ: ഇന്ത്യയിലെ ക്രൂയിസ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് മുംബൈ പോർട്ട് അതോറിറ്റിക്ക് (MbPA) റെക്കോർഡ് നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 2.4 ലക്ഷത്തിലധികം ക്രൂയിസ് യാത്രക്കാരെയും 95 കപ്പലുകളെയുമാണ് മുംബൈ തുറമുഖം വിജയകരമായി കൈകാര്യം ചെയ്തത്. രാജ്യത്തെ പ്രധാന ക്രൂയിസ് ഹബ്ബായി മുംബൈ മാറുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
തുറമുഖ അതോറിറ്റി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ആകെ 2,40,346 യാത്രക്കാരാണ് ഈ കാലയളവിൽ മുംബൈയിലെത്തിയത്. ഇതിൽ ആഭ്യന്തര ക്രൂയിസ് സർവീസുകളാണ് സിംഹഭാഗവും. 2,26,837 യാത്രക്കാരുമായി 87 ആഭ്യന്തര കപ്പലുകൾ മുംബൈയിലെത്തിയപ്പോൾ, 13,509 വിനോദസഞ്ചാരികളുമായി എട്ട് അന്താരാഷ്ട്ര ആഡംബര കപ്പലുകളും തുറമുഖത്തിന്റെ ഭാഗമായി.
രാജ്യത്തെ ഏറ്റവും വലിയ ക്രൂയിസ് ടെർമിനലായ ‘മുംബൈ ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ’ യാഥാർത്ഥ്യമായതോടെയാണ് ഈ വളർച്ചയുണ്ടായത്. 4.15 ലക്ഷത്തിലധികം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ അത്യാധുനിക ടെർമിനലിന് പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
കേന്ദ്ര സർക്കാരിന്റെ ‘ക്രൂയിസ് ഭാരത് മിഷൻ’ പദ്ധതിയുടെ കീഴിൽ 2029 ഓടെ ക്രൂയിസ് യാത്രക്കാരുടെ എണ്ണം 10 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് തുറമുഖ, കപ്പൽ ഗതാഗത, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുൻപ് വ്യക്തമാക്കിയിരുന്നു. കപ്പൽ ഓപ്പറേറ്റർമാർക്കായി ഉറപ്പായ ബർത്തിംഗ് സൗകര്യങ്ങൾ, ഔസ്റ്റിംഗ് ചാർജുകൾ ഒഴിവാക്കൽ, ഡിജിറ്റൽ കസ്റ്റംസ് പ്രൊസസിംഗ്, ഇളവുകളോടു കൂടിയ നിരക്കുകൾ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ മുംബൈ പോർട്ട് അതോറിറ്റി നടപ്പിലാക്കിയിട്ടുണ്ട്.
നിലവിലെ യാത്രക്കാരുടെ വർദ്ധനവ് രാജ്യത്തെ ക്രൂയിസ് ടൂറിസത്തിന്റെ വളർച്ചയ്ക്കുള്ള ശക്തമായ അടിത്തറയാണെന്ന് മുംബൈ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ഡോ. എം. അങ്കമുത്തു (Dr M. Angamuthu) വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിവിധ ടൂറിസം കേന്ദ്രങ്ങളുമായുള്ള കണക്റ്റിവിറ്റി ശക്തമാക്കുന്നതിനുമാണ് ഇനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.