തുടർക്കഥയാകുന്ന ബസ് അപകടങ്ങൾ; 7000 ഡ്രൈവർമാർക്ക് അടിയന്തര കൗൺസിലിങ്ങുമായി ‘ബെസ്റ്റ്’

by WhatsUp Mumbai

മുംബൈ: മഹാനഗരത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത കാലത്തുണ്ടായ ബെസ്റ്റ് (BEST) ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കായി വിപുലമായ കൗൺസിലിങ്, പരിശീലന പരിപാടികൾക്ക് തുടക്കമായി. കരാർ അടിസ്ഥാനത്തിലും (വെറ്റ് ലീസ്) സ്വന്തം നിലയിലുമുള്ള ഏഴായിരത്തോളം വരുന്ന ഡ്രൈവർമാർക്കാണ് അടിയന്തരമായി കൗൺസിലിങ് നൽകുന്നത്. ദിൻഡോഷിയിൽ ഒരു മാസം നീളുന്ന പ്രത്യേക പരിശീലനമാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.  

അപകടങ്ങൾ ഒഴിവാക്കാൻ സ്റ്റിയറിങ്, ഹാൻഡ് ബ്രേക്ക്, ക്ലച്ച് എന്നിവ എങ്ങനെ കൃത്യമായി കൈകാര്യം ചെയ്യണമെന്നും നഗരത്തിലെ വേഗപരിധി പാലിക്കേണ്ടതിനെക്കുറിച്ചും ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നുണ്ട്. കൂടാതെ, നിരത്തുകളിൽ ഇരുചക്ര വാഹനങ്ങളെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യരുതെന്ന കർശന നിർദ്ദേശവും നൽകുന്നു. മണിക്കൂറിൽ 60 കിലോമീറ്ററാണ് ബെസ്റ്റ് ബസുകളുടെ വേഗപരിധി.

കരാർ അടിസ്ഥാനത്തിൽ ഓടുന്ന (Wet-lease) ബസുകളാണ് സമീപകാലത്ത് വലിയ അപകടങ്ങളിൽ ഭൂരിഭാഗത്തിലും ഉൾപ്പെട്ടിട്ടുള്ളത്. അടുത്തിടെ ദാദറിലും കുർളയിലും ഭാൺഡൂപിലും ഉണ്ടായ ഗുരുതരമായ ബസ് അപകടങ്ങളാണ് ഇത്തരം ഒരു അടിയന്തര നടപടിയിലേക്ക് അധികൃതരെ നയിച്ചത്. നിലവിൽ പ്രതിദിനം 25 ലക്ഷത്തോളം യാത്രക്കാരാണ് മുംബൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സുരക്ഷിത യാത്രയ്ക്കായി ബെസ്റ്റ് ബസുകളെ ആശ്രയിക്കുന്നത്. ഭീതി അകറ്റി സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഏഴായിരത്തോളം ഡ്രൈവർമാരെയും മൂന്ന് ഷിഫ്റ്റുകളിലായി ഈ ആക്ഷൻ പ്ലാനിന്റെ ഭാഗമാക്കുന്നത്.

You may also like