​എൽ നിനോ ആശങ്ക; ഓഗസ്റ്റ് 31 വരെ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ അടിയന്തര നിർദ്ദേശം, ജലസംരക്ഷണം ശക്തമാക്കും

by WhatsUp Mumbai

​മുംബൈ: ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ (El Niño) ഉയർത്തുന്ന വരൾച്ചാ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജലസംരക്ഷണം ശക്തമാക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ അടിയന്തര നിർദ്ദേശം. വരാനിരിക്കുന്ന കടുത്ത വേനലും ജലക്ഷാമവും കണക്കിലെടുത്ത് സംസ്ഥാനത്തെ ജലസ്രോതസ്സുകൾ പരമാവധി സംരക്ഷിക്കാനും, ഓഗസ്റ്റ് 31 വരെ ജനങ്ങൾക്ക് തടസ്സമില്ലാതെ കുടിവെള്ള വിതരണം ഉറപ്പാക്കാനും എല്ലാ ജില്ലാ അധികാരികൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി.

മഹാരാഷ്ട്ര ചീഫ് സെക്രട്ടറി നിതിൻ കരീറിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തെ ജലപ്രതിസന്ധി മറികടക്കാനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. എൽ നിനോ പ്രതിഭാസം മൂലം മഴ കുറയാനുള്ള സാധ്യതയും ഡാമുകളിലെ ജലനിരപ്പ് താഴുന്നതും കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് എല്ലാ ജില്ലാ കളക്ടർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മറ്റ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികളുണ്ടാകും.
ഓഗസ്റ്റ് 31 വരെയുള്ള കൃത്യമായ ജലവിനിയോഗ പ്ലാൻ തയാറാക്കാനും, ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകൾ വഴിയുള്ള വിതരണം ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാനും നിർദ്ദേശമുണ്ട്. വരും മാസങ്ങളിൽ കുടിവെള്ള വിതരണത്തിന് യാതൊരുവിധ തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും അനാവശ്യ ജലഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

You may also like