സംസ്ഥാന ട്രെൻഡിന് വിപരീതമായി മുംബൈ; ഒരു വർഷത്തിനിടെ എച്ച്‌ഐവി മരണങ്ങളിൽ 9.5% വർധന

by WhatsUp Mumbai

മുംബൈ:മഹാരാഷ്ട്രയൊട്ടാകെ എച്ച്‌ഐവി ബാധിതരുടെ മരണനിരക്ക് തുടർച്ചയായി കുറയുമ്പോഴും, മുംബൈ നഗരത്തിൽ മാത്രം മരണസംഖ്യ കുതിച്ചുയരുന്നു. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ മുംബൈയിൽ എച്ച്‌ഐവി സംബന്ധമായ മരണങ്ങളിൽ 9.5 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ആകെ മരണസംഖ്യ കഴിഞ്ഞ അഞ്ച് വർഷമായി കുറഞ്ഞ് 5,568-ൽ എത്തിനിൽക്കുമ്പോഴാണ് മുംബൈയിൽ സ്ഥിതി വഷളാകുന്നത്. നഗരത്തിൽ ഒരു വർഷത്തിനിടെ മരണസംഖ്യ 1,148-ൽ നിന്ന് 1,258 ആയി ഉയർന്നു. രോഗം തിരിച്ചറിയാൻ വൈകുന്നതും, എച്ച്‌ഐവിക്കൊപ്പം മറ്റ് രോഗങ്ങൾ ബാധിക്കുന്നതും, ചികിത്സാ തടസ്സങ്ങളുമാണ് ഇതിന് കാരണം. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ ആന്ധ്രാപ്രദേശിലാണെങ്കിലും (6,862 മരണം) അവിടെയും മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്.

യുവാക്കളുടെ ചിന്താഗതി മാറിയ സാഹചര്യത്തിൽ എച്ച്‌ഐവി പ്രതിരോധ പ്രവർത്തനങ്ങളിൽ അടിയന്തര മാറ്റം വരുത്തണമെന്ന് സാമൂഹിക പ്രവർത്തകനായ ഗണേഷ് ആചാര്യ (Ganesh Acharya) ആവശ്യപ്പെട്ടു. പലരും നാണക്കേട് ഭയന്ന് സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ (ART സെന്ററുകൾ) വരാൻ മടിക്കുകയാണെന്നും ഇവരെ കണ്ടെത്താൻ സർക്കാർ പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like