നാട്ടിൽ നിന്ന് അമ്മയോടൊപ്പം മടങ്ങവെ ദുരന്തം: മുംബൈ മലയാളി യുവാവ് ബിജോഷ് ഗോവ-മുംബൈ പാതയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു

by WhatsUp Mumbai

മുംബൈ: നാട്ടിൽ നിന്നും അമ്മയോടൊപ്പം കാറിൽ മടങ്ങുകയായിരുന്ന മലയാളി യുവാവ് ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണമടഞ്ഞു. താനെ ജില്ലയിലെ കല്യാൺ നിവാസിയും കണ്ണൂർ തലശ്ശേരി സ്വദേശിയുമായ ബിജോഷ് ബാലൻ (34) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ ദേശീയപാത 66-ൽ റായ്ഗഡ് ജില്ലയിലെ മഹാഡിന് സമീപം പോലാഡ്പ്പൂരിലായിരുന്നു അപകടം. നാട്ടിൽ നിന്നും അമ്മയെയും കൂട്ടി കല്യാണിലെ വസതിയിലേക്ക് കാറിൽ മടങ്ങുകയായിരുന്നു ബിജോഷ്. ഇവർ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുന്നിൽ പോവുകയായിരുന്ന ട്രക്ക് പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട്.

അപകടത്തിൽ പരുക്കേറ്റ ബിജോഷിന്റെ അമ്മയെ കല്യാണിലെ ആയുഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ബിജോഷിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഓടിയെത്തി മലയാളി കൂട്ടായ്മകൾ

അപകടവിവരമറിഞ്ഞ് മഹാഡ് മലയാളി സമാജം പ്രതിനിധികൾ ഉടനടി സഹായഹസ്തവുമായി ആശുപത്രിയിലേക്ക് എത്തിച്ചേർന്നു. സമാജം ഭാരവാഹികളായ ബൈനു പി. ജോർജ്,ബി.ആർ.കെ. ഉണ്ണിത്താൻ, ഒ.കെ. സുരേഷ്, രാജു,  തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ മെഡിക്കോ ലീഗൽ നടപടികൾ വേഗത്തിലാക്കാനും ബന്ധുക്കളെ സഹായിക്കാനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.

ബിജോഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കൊങ്കൺ യാത്രാവേദിയും മഹാഡ് മലയാളി സമാജവും ആദരാഞ്ജലികൾ അർപ്പിച്ചു.

You may also like