നഴ്‌സുമാരെ അധിക്ഷേപിച്ചു: കങ്കണ പരസ്യമായി മാപ്പുപറയണമെന്ന് ജോജോ തോമസ്

by WhatsUp Mumbai

മുംബൈ: നഴ്‌സിംഗ് സമൂഹത്തെ അധിക്ഷേപിച്ച ബിജെപി എംപി കങ്കണ റണാവത്ത് പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്. കോവിഡ് കാലത്ത് ജീവൻ പണയം വച്ച് സേവനം ചെയ്ത മാലാഖമാരെ, ഒരു ജനപ്രതിനിധി തന്നെ ലൈംഗികവത്കരിച്ച് (Sexualised Profession) സംസാരിച്ചത് ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ തന്ത്രമാണിത്.

നാട്ടിൽ അർഹമായ ശമ്പളവും സുരക്ഷിതമായ തൊഴിൽ സാഹചര്യവുമില്ലാത്തതുകൊണ്ടാണ് ഇന്ത്യൻ നഴ്‌സുമാർ വിദേശത്തേക്ക് പോകുന്നത്. ഈ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഭരണകക്ഷി എംപിയായ കങ്കണ ശ്രമിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ നയവൈകല്യങ്ങൾ മറയ്ക്കാൻ നിസ്വാർത്ഥ സേവകരെ അപമാനിക്കരുത്. കങ്കണ ഉടനടി ക്ഷമാപണം നടത്തണമെന്നും നഴ്‌സുമാരുടെ സുരക്ഷയ്ക്കായി കേന്ദ്രം അടിയന്തര നിയമനിർമ്മാണം നടത്തണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.

You may also like