അന്താരാഷ്ട്ര വേദിയിൽ തിളങ്ങി ശ്രീനാരായണ ദർശനം; ഡോ. സുരേഷ്‌കുമാറിന്റെ പ്രബന്ധം യുഎസ് സർവകലാശാലാ ജേർണലിൽ, ഉടൻ സ്‌കോപ്പസ് ഇൻഡക്സിലേക്കും

by admin

മുംബൈ / കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള ആര്യ യൂണിവേഴ്സിറ്റി (Aria University) സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സംസ്കൃത സമ്മേളനത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സർവലൗകിക ദർശനങ്ങളെക്കുറിച്ച് മലയാളി ഗവേഷകന്റെ പ്രബന്ധം. മുംബൈ സ്വദേശിയായ ഡോ. സുരേഷ്‌കുമാർ മധുസൂദനനാണ് ആഗോളവേദിയിൽ ഗുരുവിന്റെ മാനവിക സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രബന്ധം അവതരിപ്പിച്ചത്.

പ്രസക്തം, ഈ ഗുരുവചനം

ലോകം ഇന്ന് നേരിടുന്ന ജാതി-മത വിദ്വേഷങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും സാംസ്കാരിക സംഘർഷങ്ങൾക്കും ഉള്ള ശാശ്വത പരിഹാരം ഗുരുദേവ ദർശനങ്ങളാണെന്ന് ഡോ. സുരേഷ്‌കുമാർ പ്രബന്ധത്തിൽ സമർത്ഥിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ആപ്തവാക്യത്തിലൂന്നി, ആത്മീയ മാനവികതയും സഹോദരത്വവും വിദ്യാഭ്യാസവും എങ്ങനെ ലോകസമാധാനത്തിന് വഴിവിളക്കാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ശ്രീനാരായണ ഗുരുവിന്റെ സാർവത്രിക ദർശനവും ആഗോള സമാധാനത്തിലെ പ്രസക്തിയും’ എന്നതായിരുന്നു പ്രബന്ധത്തിന്റെ വിഷയം.

അന്താരാഷ്ട്ര അക്കാദമിക് തിളക്കം

അവതരണത്തിന് പിന്നാലെ ഈ ഗവേഷണ പ്രബന്ധം ആര്യ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അക്കാദമിക് ജേർണലായ ‘വിജ്ഞാന’ത്തിൽ (Vinjanam) പ്രസിദ്ധീകരിച്ചു. വരുംദിനങ്ങളിൽ ആഗോളതലത്തിൽ ഏറെ പ്രശസ്തമായ ‘സ്‌കോപ്പസ് ഇന്‍ഡക്‌സ്ഡ്’ ജേണലിലും ഇത് ഇടംപിടിക്കും. ഇതോടെ ഗുരുദേവ ദർശനങ്ങൾ അന്താരാഷ്ട്ര അക്കാദമിക് സമൂഹത്തിൽ കൂടുതൽ സജീവ ചർച്ചയാവുകയാണ്.

അഭിമാന നിമിഷമെന്ന് ഡോ. സുരേഷ്‌കുമാർ

അമേരിക്കൻ സർവകലാശാലയിലെ അന്താരാഷ്ട്ര വേദിയിൽ ഗുരുദേവന്റെ സന്ദേശങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷമാണെന്ന് ഡോ. സുരേഷ്‌കുമാർ പറഞ്ഞു. ഗുരുവിന്റെ ദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം സഹരചന നിർവഹിച്ച രണ്ട് പ്രശസ്ത ഗ്രന്ഥങ്ങൾ ചടങ്ങിൽ വച്ച് ആര്യ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് കൈമാറി.

ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പുതിയ തലമുറയിലേക്കും ഗുരുദേവന്റെ ദർശനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഗവേഷണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ ഈ നേട്ടം ആഗോള അക്കാദമിക് സമൂഹത്തിന് മുന്നിൽ ഗുരുദേവ ദർശനങ്ങളെ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.

You may also like