പത്രക്കടലാസിലെ പലഹാരപ്പൊതികൾ വില്ലനാകും; ഹോട്ടലുകൾക്കും തട്ടുകടകൾക്കും കർശന വിലക്കുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

by WhatsUp Mumbai

മുംബൈ: ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണസാധനങ്ങൾ പത്രക്കടലാസുകളിൽ പൊതിഞ്ഞു നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി രാജ്യത്തെ പരമോന്നത ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ ‘എഫ്.എസ്.എസ്.എ.ഐ’ (FSSAI). മുംബൈയിലെ വിവിധ ഹോട്ടലുകളിലും തെരുവ് കച്ചവടക്കാരിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനകൾക്ക് പിന്നാലെയാണ് ഈ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പത്രക്കടലാസുകളിൽ ഉപയോഗിക്കുന്ന അച്ചടിമഷി ഭക്ഷണത്തിൽ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

പത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ മനുഷ്യശരീരത്തിന് ദോഷകരമായ ഈയം (Lead), ഗ്രാഫൈറ്റ് തുടങ്ങിയ മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ചൂടുള്ള പലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും പത്രക്കടലാസുകളിൽ വെക്കുമ്പോൾ ഈ അച്ചടിമഷി എളുപ്പത്തിൽ ഉരുകി ഭക്ഷണത്തിലേക്ക് പടരും. ഇത്തരത്തിലുള്ള ആഹാരം കഴിക്കുന്നത് മനുഷ്യന്റെ ദഹനപ്രക്രിയയെ തകിടം മറിക്കുമെന്നു മാത്രമല്ല, കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഈ രാസവസ്തുക്കൾ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ദോഷകരമായി ബാധിക്കും.

ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനും വിളമ്പുന്നതിനും പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ നിർദ്ദേശം ലംഘിക്കുന്ന കച്ചവടക്കാർക്കെതിരെ വരും ദിവസങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഹോട്ടലുടമകളും വ്യാപാരികളും ഭക്ഷണസാധനങ്ങൾ പൊതിയാൻ സുരക്ഷിതമായ പാക്കിങ് സാമഗ്രികൾ (Food Grade Materials) മാത്രമേ ഉപയോഗിക്കാവൂ. പൊതുജനങ്ങളും ഈ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും പത്രക്കടലാസുകളിൽ പൊതിഞ്ഞു നൽകുന്ന ആഹാരസാധനങ്ങൾ വാങ്ങി കഴിക്കരുതെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർത്ഥിച്ചു.

You may also like