മുംബൈ: മുംബൈയിലെ ജോഗേശ്വരിയിലെ കോളജിൽ നിന്ന് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) വിശ്വസ്തനായ ഭീകരവാദിയായി മാറിയ സയ്യാദ് മുസാക്കിർ മുദസ്സർ ഹുസൈൻ എന്ന ‘മുന്ന ജിൻഗാഡ’യുടെ അധോലോക യാത്ര സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്. ഇന്ത്യക്കെതിരായ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിലിരുന്ന് കോടികൾ ഒഴുക്കുന്ന മുന്ന ജിൻഗാഡയുടെ നിഴൽ യുദ്ധങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പുറത്തുവിടുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.1990 ഫെബ്രുവരി 12-നായിരുന്നു മുന്ന ജിൻഗാഡ എന്ന അധോലോക കുറ്റവാളിയുടെ ജനനം. ജോഗേശ്വരിയിലെ കോളജിൽ ബിഎ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ, സുഹൃത്തുക്കൾ ഉൾപ്പെട്ട ഒരു തർക്കത്തിൽ ഇടപെട്ട് വസീർ എന്നയാളെ മുന്ന കുത്തിക്കൊലപ്പെടുത്തി. പോലീസിൽ കീഴടങ്ങി ജാമ്യത്തിലിറങ്ങിയ ശേഷം പിതാവിന്റെ പ്ലംബിംഗ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും അക്രമത്തിന്റെ വഴി അവനെ വീണ്ടും വേട്ടയാടി. വസീറിന്റെ കൊലപാതകത്തിന് പ്രതികാരമായി വസീറിന്റെ സഹോദരൻ നസീറും സംഘവും മുന്നയെ ആക്രമിച്ചതോടെ മുംബൈയെ നടുക്കിയ ഗുണ്ടാപ്പകയ്ക്ക് തുടക്കമായി. 1990-നും 1995-നും ഇടയിൽ നിരവധി കൊലപാതക, വധശ്രമക്കേസുകളിൽ മുന്ന പ്രതിയായി.
ഡി-കമ്പനിയിലേക്കുള്ള വളർച്ച
1995-ൽ നിഷാർ അഹമ്മദ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം മുന്ന ഉത്തർപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് ഒളിവിൽ പോയി. അവിടെ നാടൻ തോക്കുകൾ ഉപയോഗിച്ച് കൃത്യമായി വെടിവയ്ക്കാൻ ആറുമാസത്തോളം പരിശീലനം നേടി. പിന്നീട് മുംബൈയിൽ തിരിച്ചെത്തിയ മുന്ന, അധോലോക ഭീകരൻ ചോട്ടാ ഷക്കീലിന്റെ പ്രധാന ഷാർപ്പ് ഷൂട്ടറായി മാറി. 1996-ൽ ആർതർ റോഡ് ജയിലിൽ കഴിയവേ ചോട്ടാ ഷക്കീലിന്റെ വിശ്വസ്തനായ ഇസ്മായിൽ മലബാരിയുമായി അടുത്തതാണ് മുന്നയുടെ ജീവിതം മാറ്റിവരച്ചത്. ജാമ്യത്തിലിറങ്ങിയ മുന്ന, ഡി-കമ്പനിയുടെ (Dawood Ibrahim Syndicate) നിർദ്ദേശപ്രകാരം മുംബൈയിൽ നിരവധി ക്വട്ടേഷൻ കൊലപാതകങ്ങൾ നടത്തി. ചോട്ടാ രാജന്റെ സാമ്പത്തിക ഇടപാടുകാരനായ സുനിൽ ജെയിനെ കൊലപ്പെടുത്തിയതോടെ മുന്ന ജിൻഗാഡ ഡി-കമ്പനിയുടെ വിശ്വസ്തനായി.
ബാങ്കോക്ക് ആക്രമണവും ചോട്ടാ രാജന്റെ പതനവും
ചോട്ടാ ഷക്കീലുമായുള്ള അടുത്ത ബന്ധം മുന്നയെ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്ത വൃത്തങ്ങളിലേക്ക് എത്തിച്ചു. തുടർന്ന് 1999-ഓടെ മുന്ന പാകിസ്ഥാനിലെ കറാച്ചിയിലേക്ക് കടന്നു. ദാവൂദ് ഇബ്രാഹിമും ചോട്ടാ രാജനും തമ്മിലുള്ള കുടിപ്പക കൊടുമ്പിരിക്കൊണ്ട കാലത്ത്, ചോട്ടാ രാജനെ വധിക്കാൻ ചോട്ടാ ഷക്കീൽ നിയോഗിച്ചത് മുന്ന ജിൻഗാഡയെ ആയിരുന്നു. 4 കോടി രൂപയുടെ ഈ ക്വട്ടേഷനായി ബാങ്കോക്കിലെത്തിയ മുന്നയും സംഘവും ചോട്ടാ രാജന് നേരെ വെടിയുതിർത്തു. ആക്രമണത്തിൽ ചോട്ടാ രാജന്റെ അടുത്ത സഹായി രോഹിത് വർമ്മ കൊല്ലപ്പെടുകയും രാജന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ബാങ്കോക്ക് ആക്രമണത്തിന് ശേഷം തായ്ലൻഡ് പോലീസ് മുന്ന ജിൻഗാഡയെ അറസ്റ്റ് ചെയ്യുകയും കോടതി 11 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ശിക്ഷാ കാലാവധി പൂർത്തിയായതോടെ മുന്നയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടങ്ങി. എന്നാൽ അവൻ ഇന്ത്യൻ പൗരനല്ലെന്നും ‘മുഹമ്മദ് സലിം’ എന്ന പാകിസ്ഥാൻ പൗരനാണെന്നും വാദിച്ച് പാകിസ്ഥാൻ രംഗത്തെത്തി. മുന്നയുടെ വിരലടയാളങ്ങളും മുംബൈയിലെ ജനന സർട്ടിഫിക്കറ്റുകളും ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ മുംബൈ ക്രൈംബ്രാഞ്ച് തായ്ലൻഡ് കോടതിയിൽ ഹാജരാക്കി. ഫോറൻസിക് പരിശോധനയിൽ വിരലടയാളങ്ങൾ ഒത്തുനോക്കിയതോടെ പാക് വാദങ്ങൾ പൊളിഞ്ഞു.
2018-ൽ തായ്ലൻഡ് ലോവർ കോടതി മുന്നയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടെങ്കിലും, പാകിസ്ഥാൻ വ്യാജ പാസ്പോർട്ടും മുന്നയുടെ മക്കളുടെ വിദ്യാഭ്യാസ രേഖകളും ഹാജരാക്കി ഉയർന്ന കോടതിയെ സമീപിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് മുന്ന വിസമ്മതിക്കുകയും ചെയ്തു. ഒടുവിൽ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2019 സെപ്റ്റംബറിൽ തായ്ലൻഡ് കോടതി ഇന്ത്യയുടെ അപേക്ഷ തള്ളുകയും മുന്നയെ പാകിസ്ഥാന് കൈമാറുകയും ചെയ്തു.
പാകിസ്ഥാനിലെ കറാച്ചിയിൽ ഐഎസ്ഐയുടെയും ദാവൂദ് ഇബ്രാഹിമിന്റെയും സംരക്ഷണത്തിൽ കഴിയുന്ന മുന്ന ജിൻഗാഡ, ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അടുത്തിടെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് മുന്നയുടെ അമ്മാവൻ സയ്യിദ് അർമാൻ, മുഹമ്മദ് സൽമാൻ സിദ്ദിഖി എന്നിവരെ ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തതോടെയാണ് മുന്നയുടെ പുതിയ ചാരശൃംഖല വെളിച്ചത്തായത്. ഇന്ത്യയിൽ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാനും അട്ടിമറി പ്രവർത്തനങ്ങൾക്കുമായി മുന്ന പാകിസ്ഥാനിലിരുന്ന് കോടികളാണ് ഹവാല മാർഗ്ഗത്തിലൂടെ ഒഴുക്കുന്നത്. അധോലോകത്തിന്റെ ഇരുണ്ട ഇടനാഴികളിൽ നിന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഐഎസ്ഐ ഏജന്റായുള്ള മുന്ന ജിൻഗാഡയുടെ പരിവർത്തനം ഇന്ത്യൻ ഏജൻസികൾ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.