ഓർമ്മകളിൽ അക്ഷരവസന്തം തീർത്ത് സുമ രാമചന്ദ്രൻ; സ്മരണാർത്ഥം മുംബൈയിൽ കുട്ടികൾക്കായി ‘ഓൺലൈൻ അക്ഷരശ്ലോക ക്ലാസുകൾ’

by WhatsUp Mumbai

നവി മുംബൈ: സാംസ്കാരിക പ്രവർത്തക സുമ രാമചന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് നവി മുംബൈ. മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലയുടെ നേതൃത്വത്തിൽ നെരൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറെെൻ എൻജിനിയേഴ്സ് ഇൻഡ്യ ഓഡിറ്റോറിയത്തിലായിരുന്നു അനുസ്മരണ ചടങ്ങ്. മെയ് 31 ഞായറാഴ്ച വൈകിട്ട് നടന്ന ‘സുമാഞ്ജലി’യിൽ സുമയെ സ്നേഹിച്ച നൂറുകണക്കിന് ആളുകളാണ് കണ്ണീരോടെ പങ്കെടുത്തത്.

സുമയുടെ ബാല്യം മുതലുള്ള ഹൃദയസ്പർശിയായ ചിത്രങ്ങളും വീഡിയോകളും കോർത്തിണക്കി തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സുമയുടെ പ്രധാന പ്രവർത്തന മേഖലയായിരുന്ന അക്ഷരശ്ലോക രംഗത്തെ പ്രമുഖരായ ഡോ. സുരേന്ദ്രൻ, ഷീല എസ്. മേനോൻ, അജിത, സംഗീത രാജീവ്, ശ്യാംലാൽ എന്നിവർ കാവ്യോചിതമായ ശ്ലോകാർപ്പണം നടത്തി. അനിൽപ്രകാശ് ആമുഖ പ്രഭാഷണത്തിൽ സുമയുടെ സാമൂഹ്യ-സംഘടനാ പ്രവർത്തനങ്ങളെ സംഗ്രഹിച്ചു. തുടർന്ന നടന്ന ചർച്ചയ്ക്ക് മുതിർന്ന സാംസ്കാരിക പ്രവർത്തകയും കുടുംബസുഹൃത്തുമായ രുഗ്മണി സാഗർ തുടക്കമിട്ടു.

തുടർന്ന് സംസാരിച്ച നിഷ ഗിൽബർട്ട്, ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ, ജി.വിശ്വനാഥൻ, കണക്കൂർ ആർ. സുരേഷ് കുമാർ, എം.ജി. അരുൺ, ജയപ്രകാശ് പി.ഡി, വിനയൻ കളത്തൂർ, റീന സന്തോഷ്, സണ്ണി മാത്യു, പി.ആർ. സഞ്ജയ്, സുമേഷ് പി.എസ്, ശ്രീകുമാർ മാവേലിക്കര, സജീവൻ, നിഷ പ്രകാശ്, സുരേഷ് തുളസി, അജിത്ത് ശങ്കരൻ, കെ.കെ മോഹൻദാസ്, പ്രകാശ് കാട്ടാക്കട, രമണിയമ്മ, ഷൈജ ബിജു, ഷാബു ഭാർഗ്ഗവൻ തുടങ്ങി മുപ്പതോളം പ്രമുഖർ സുമയുമായുള്ള തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു. താൻ ഇടപെട്ട ഓരോ മേഖലയിലും സുമ പുലർത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളുടെ നേർചിത്രമാണ് ഓരോരുത്തരുടെയും വാക്കുകളിൽ പ്രതിഫലിച്ചത്. കെ.ജി.രാജൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, ജീവൻ രാജ്, സന്ദീപ് വർമ്മ, മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, തുളസി മണിയാർ, ലിനോദ് വർഗ്ഗീസ് ഉൾപ്പെടെയുള്ള ഒട്ടേറെ കലാ-സാംസ്കാരിക പ്രവർത്തകരും സുമയുടെ സൗഹൃദവലയത്തിലുള്ളവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സുമയുടെ ഓർമ്മകളും ക്രിയാത്മകമായ ഊർജ്ജവും നിലനിർത്താൻ സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ തുടരണമെന്ന നിർദ്ദേശം ചടങ്ങിൽ ഉയർന്നു വന്നു. ഇതിന്റെ ഭാഗമായി, സുമയുടെ സ്മരണാർത്ഥം മുംബൈയിലെ കുട്ടികൾക്കായി ‘ഓൺലൈൻ അക്ഷരശ്ലോക പഠന സൗകര്യം’ ഒരുക്കണമെന്ന പ്രഖ്യാപനവും ശ്രദ്ധേയമായി. മലയാള ഭാഷാ പ്രചാരണ സംഘം സെക്രട്ടറി ജയ നാരായണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് മിനി അനിൽപ്രകാശ് സുമസ്മരണ നടത്തി. ട്രഷറർ ബാബു പി.എം നന്ദി രേഖപ്പെടുത്തി. മലയാളോത്സവം കൺവീനർ രമ എസ് നാഥ് ആണ് പരിപാടികൾ നിയന്ത്രിച്ചത്.

You may also like